ദില്ലി: ഇറ്റലിയിലേക്കുള്ള വ്യാജ റസിഡൻ്റ് പെർമിറ്റ് നൽകി കബളിപ്പിച്ച കേസിൽ മലയാളിയെ ദില്ലി പൊലീസ് അറസ്റ്റ് ചെയ്തു. തോട്ടകാട്ടുക്കൽ സ്വദേശി രൂപേഷ് പി ആർ ആണ് പോലീസ് പിടിയിലായത്. മലയാളിയായ ഡിജോ ഡേവിസിന്റെ പരാതിയിലാണ് അറസ്റ്റ്. തൃശ്ശൂർ സ്വദേശി ഡിജോ ഡേവിസ് ജനുവരി 25നാണ് ഇറ്റലിയിൽ നിന്നും നാടുകടത്തപ്പെട്ട് ദില്ലിയിൽ എത്തുന്നത്. വ്യാജ റസിഡന്റ് പെർമിറ്റ് ഉള്ളതിനാലാണ് ഡിജോയെ ഇറ്റലിയിൽ നിന്നും ഇന്ത്യയിലേക്ക് തിരികെ നാടുകടത്തിയത്.
ട്രാവൽ ഏജന്റ് ആയ രൂപേഷ് വഴിയാണ് ഇറ്റലിയിലേക്ക് പോകുന്നതിനായുള്ള പേപ്പറുകൾ ഡിജോ ശരിയാക്കിയത്. ഇറ്റലിയിലേക്ക് പോകുന്നതിനായി ഡിജോയ്ക്ക് ടിക്കറ്റ് എടുത്ത് കൊടുത്തതും രൂപേഷാണ്. ഇറ്റലിയിലെത്തിയ ഉടനെ ജോലിയും ലഭിക്കുമെന്ന് രൂപേഷ് വാഗ്ദാനം ചെയ്തിരുന്നു. ഇതിന് പ്രതിഫലമായി 8.2 ലക്ഷം രൂപ ഡിജോയുടെ കയ്യിൽ നിന്നും രൂപേഷ് വാങ്ങി. നാടുകടത്തപ്പെട്ട ഡിജോയുടെ പരാതിയിൽ ദില്ലി പൊലീസ് നടത്തിയ അന്വേഷണത്തിലാണ് രൂപേഷ് പിടിയിലാകുന്നത്. ദില്ലി പൊലീസ് കേരളത്തിലെത്തിയാണ് രൂപേഷിനെ പിടികൂടിയത്.