കൊച്ചി: വാഹനാപകടത്തെത്തുടര്‍ന്നുണ്ടായ തര്‍ക്കത്തിൽ അടിയേറ്റ് വീണയാള്‍ ചികിത്സയിലിരിക്കെ മരിച്ചു. കാഞ്ഞിരമറ്റം സ്വദേശി ഹനീഫ(54)യാണ് മരിച്ചത്. കാഞ്ഞിരമറ്റത്തുവെച്ചാണ് പുതുവര്‍ഷത്തലേന്ന് രാത്രി ഷിബു എന്നയാള്‍ ഹനീഫയെ മര്‍ദിച്ചത്. അടിയേറ്റ് റോഡില്‍വീണ് ഗുരുതരമായി പരിക്കേറ്റ ഹനീഫ ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയായിരുന്നു തുടർന്ന് ഇന്ന് (ഞായറാഴ്ച)മരണം സംഭവിക്കുകയായിരുന്നു.
ഡിസംബര്‍ 31-ന് രാത്രി 11.45-ഓടെയായിരുന്നു സംഭവം. കാഞ്ഞിരമറ്റത്ത് റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഷിബുവിന്റെ കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിച്ചതാണ് സംഭവങ്ങളുടെ തുടക്കം. ഇതേത്തുടര്‍ന്ന് ഇരുവരും തര്‍ക്കത്തിലേര്‍പ്പെട്ടു. ഇതിനിടെയാണ് ഷിബുവിന്റെ അടിയേറ്റ് ഹനീഫ റോഡില്‍വീഴുന്നതും വീഴ്ചയില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുന്നതും. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.നിര്‍ത്തിയിട്ട കാറിന് പിന്നില്‍ ഹനീഫയുടെ കാറിടിക്കുന്നതും തുടര്‍ന്ന് തര്‍ക്കമുണ്ടാകുന്നതും അടിയേറ്റ് ഹനീഫ വീഴുന്നതുമെല്ലാം സിസിടിവി ദൃശ്യങ്ങളിലുണ്ട്. ഹനീഫയുടെ നില ഗുരുതരമാണെന്നറിഞ്ഞതോടെ പ്രതിയായ ഷിബു ഒളിവില്‍പോവുകയായിരുന്നു. ഇയാള്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. പ്രതിക്കായി അന്വേഷണം ഊര്ജിതമാക്കിയതായാ പോലീസ് പറഞ്ഞു.