സംസ്ഥാന-കേന്ദ്ര സർക്കാരുകൾ കഴിയുന്നത്ര ജനങ്ങളെ കൊള്ളയടിച്ചുകൊണ്ട് മുന്നോട്ടു പോവുകയാണല്ലോ. കരയിലെ അഴിമതിയും തട്ടിപ്പും വെട്ടിപ്പുമെല്ലാം കടലിലേക്ക് കൂടി വ്യാപിപ്പിക്കുകയാണ് സർക്കാർ. കടലിന്റെയും കാടിന്റെയും കരയുടെയും കരൾ പറിച്ചെടുത്ത് അർമാദിക്കുന്ന ഭരണകൂടം ഭൂമിയിലെ സകല ജീവികളെയും ജീവിതത്തെയും ജിവിതമാർഗങ്ങളെയും ഉന്മൂലനം ചെയ്യുകയാണ്.
കാട്ടിലെ മരങ്ങൾ കണ്ണിൽച്ചോരയില്ലാത്ത തരത്തിൽ കവർന്നെടുത്ത് വനങ്ങളെപ്പോലും വെട്ടിമാറ്റി മൊട്ടക്കുന്നുകളാക്കിയിരിക്കുന്നു. പാറയും മണ്ണും ഗർഭം ധരിച്ച ആ കുന്നുകൾ ഇടിച്ചുനിരത്തി ‘എഐ’ മരുഭൂമികൾ സൃഷ്ടിക്കുകയാണ്. മനുഷ്യപ്പറ്റില്ലാത്ത വികസനത്തിന്റെ മറവിൽ മനുഷ്യരെ ആവാസസ്ഥലങ്ങളിൽ നിന്നും തൊഴിലിടങ്ങളിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നും അടിച്ചുപുറത്താക്കി ധനികർക്കും ഭരണകൂടത്തിന്റെ പിണിയാളുകൾക്കും മാത്രം ഇടമുള്ള നാടായി കേരളത്തെയും ഇന്ത്യയെയും മാറ്റുകയാണ്.
അനേകം മത്സ്യസമ്പത്തുകളുടെയും കടൽജീവികളുടെയും സസ്യങ്ങളുടെയും കലവറയായ ആഴക്കടലിലെ ഖനനം കേരളതീരത്ത് വലിയതോതിലുള്ള ആ പത്തുകളുണ്ടാക്കും. അറുനൂറ് കിലോമീറ്റർ നീളത്തിലുള്ള കേരളതീരത്ത് ജീവിക്കുകയും കടലിനെ ജീവനോപാധിയാക്കുകയും ചെയ്ത ലക്ഷക്കണക്കിന് മത്സ്യതൊഴിലാളികളുടെ അന്നദാതാവ് മാത്രമല്ല കടൽ, അവരുടെ അമ്മയും ദേവിയും രക്ഷകബിംബവുമാണ്.
കടലമ്മ ക്ഷോഭിച്ചാൽ കുലം മുടിയുമെന്നും കടലമ്മ പ്രീതിപ്പെട്ടാൽ സമ്പത്തിന്റെ ചാകര വിളയുമെന്നുമുള്ള വിശ്വാസത്തിന്റെ ബലത്തിൽ ജീവിക്കുന്നവരാണവർ. അത്തരം വിശ്വാസത്തിന്റെ ഗർഭസ്ഥലികളിലേക്ക് കൂറ്റൻ യന്ത്രങ്ങൾ കടത്തി മണൽ ഖനനം ചെയ്യുകയാണ്. ഈ മണൽവാരലുകളിൽ ജീവനൊടുങ്ങുന്നത് കോടിക്കണക്കിന് വലുതും ചെറുതുമായ മത്സ്യങ്ങളുടെയും കടൽ ജീവികളുടേതും കടൽ സസ്യങ്ങളുടേതുമാണ്.
ആഴക്കടലിൽ ഉണ്ടാവുന്ന മത്സ്യവംശനാശം തീരത്ത് പട്ടിണിയുടെയും ദാരിദ്ര്യത്തിന്റെയും ചാകരപെയ്ത്താണ് സൃഷ്ടിക്കുക. മത്സ്യബന്ധനം തൊഴിലാക്കിയവർ മുഴുവൻ കുലത്തൊഴിലിൽ നിന്ന് പുറംതള്ളപ്പെടും. 2004 ലെ സുനാമി പുതിയ രൂപത്തിലും ഭാവത്തിലും രാക്ഷസ കൈകളുമായ് കരയെ ആക്രമിക്കും. അനേകായിരം മനുഷ്യരും നിർമിതികളും മണൽതിട്ടകളും കടൽഭിത്തികളും കടലിനടിയിലാകും.
കേന്ദ്രസർക്കാരിന്റെ പ്രത്യക്ഷവും സംസ്ഥാന സർക്കാരിന്റെ പരോക്ഷവുമായ ഇടപെടലുകളാണ് സ്വകാര്യ കമ്പനികൾക്ക് ആഴക്കടൽ ഖനനത്തിന് അനുമതി നൽകുന്നത്. കേരളതീരവും അവിടുത്തെ ജീവിതങ്ങളും ജീവിതോപാധികളും അപ്പാടെ തകിടംമറിക്കുന്ന മനുഷ്യനിർമിത പ്രകൃതിദുരന്തങ്ങളായിരിക്കും ഖനനം സഷ്ടിക്കുക. കേന്ദ്രത്തിന്റെ അവഗണനക്കും സഹായ നിഷേധത്തിനുമെതിരെ ഗർജ്ജിക്കാറുള്ള സിപിഎം, ആഴക്കടൽ ഖനനത്തിൽ മൗനംപാലിക്കുന്നത് കൗതുകകരമാണ്. മത്സ്യതൊഴിലാളികളുടെ ഉപജീവന മാർഗങ്ങൾ കൊട്ടിയടക്കുകയും കടലിന്റെ മക്കൾ എന്ന അവരുടെ അസ്തിത്വം ഇല്ലാതാവുകയും ചെയ്യും.
തലമുറകളായ് ജീവിച്ച മണ്ണിൽനിന്നും ശീലിച്ച തൊഴിലിൽ നിന്നും അവർ പറിച്ചെറിയപ്പെടും. സംസ്ഥാനത്തിന്റെ അവകാശ പരിധിയിലുള്ള ആഴക്കടൽവരെ ഖനനം നടത്താനുള്ള അവകാശം കേന്ദ്രസർക്കാർ പിടിച്ചെടുത്തിട്ടും സംസ്ഥാന സർക്കാർ മൗനംപാലിക്കുന്നതെന്താണ്. തമിഴ്നാട് തീരക്കടലിൽ ഖനനം നടത്താനുള്ള നീക്കങ്ങളെ നിയമ സഭ ഏകണ്ഠമായി പ്രമേയം പാസ്സാക്കി എതിർത്തപ്പോൾ കേന്ദ്രം നടപടികൾ ഉപേക്ഷിച്ചു.
മുഖ്യമന്ത്രി സ്റ്റാലിൻ കാണിച്ച ആ ധൈര്യം പിണറായി വിജയന് ഇല്ലാതെപോയത് എന്തുകൊണ്ടാണ്. കരിമണൽ ലോബിയുമായുള്ള കുപ്രസിദ്ധ സഖ്യം ആഴക്കടൽ ഖനനത്തിലേക്കും വ്യാപിച്ചിട്ടുണ്ടോ? കൊല്ലം ജില്ലയിലെ മൂന്നിടങ്ങളിലാണ് ഖനനം ചെയ്യാനുള്ള അനുമതി സ്വകാര്യ കമ്പനികൾക്ക് ടെണ്ടർ മുഖേന നൽകുന്നത്. പിന്നാലെ മറ്റ് ജില്ലകളിലും ഇതേ രീതിയിൽ ഖനനാനുമതി നൽകും. ഒന്നരമാസക്കാലം കടലിന്റെ മക്കൾ പട്ടിണി സഹിച്ച് മൺസൂൺകാല ട്രോളിങ് നിരോധനത്തിലൂടെ സംരക്ഷിച്ച, ശേഷിച്ച മത്സ്യസമ്പത്തുകൂടി ഖനന ഭീകരന്മാർ മാന്തിയെടുത്ത് നശിപ്പിക്കും. കരയിൽ കണ്ണീരോടെയും വേദനയോടെയും അത് നോക്കിനിൽക്കാനേ തീരത്തുള്ളവർക്ക് സാധിക്കുകയുള്ളൂ.
49 മുതൽ 59 മീറ്റർവരെ ആഴത്തിലുള്ള ഖനനം എത്രമാത്രം പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്ന് വിദഗ്ധർക്കുപോലും പ്രവചിക്കാനാവുന്നില്ല. കടൽക്ഷോഭവും സുനാമി തിരകളും മനുഷ്യനിർമിത രീതിയിൽ പ്രത്യക്ഷപ്പെടും. മൂന്നുനാല് വർഷംകൊണ്ട് ഒരു പരൽമീൻപോലും ഇല്ലാത്തവിധം ഖനന മേഖലയും ചുറ്റുപ്രദേശങ്ങളും മാറും.
കടൽഖനനം നടത്തി മുടിഞ്ഞുപോയ നിരവധി രാജ്യങ്ങൾ ലോകത്തുണ്ട്. അപകടം മനസ്സിലായപ്പോൾ അവർ അബദ്ധമാർഗത്തിൽനിന്ന് പിന്മാറി. ഖനാനുമതിക്ക് മുൻപുതന്നെ തമിഴ്നാട് സർക്കാർ സ്വീകരിച്ച നടപടിപോലെ കേന്ദ്രനീക്കത്തിനെതിരെ ഒറ്റക്കെട്ടായ് കേരള നിയമസഭയും പ്രമേയം പാസ്സാക്കണം. ഇത്തരം നടപടികൾക്ക് മുൻപന്തിയിലുണ്ടാകാറുള്ള സിപിഎം പുലർത്തുന്ന അവഗണനയും നിസംഗതയും നിരവധി സംശയങ്ങൾക്ക് കാരണമാകുന്നു.