ചണ്ഡീഗഢ്: മദ്യവും ഡി.ജെ പാര്‍ട്ടിയുമില്ലാതെ നടത്തുന്ന കല്യാണ ആഘോഷങ്ങൾക്ക് 21,000 രൂപ സമ്മാനം പ്രഖ്യാപിച്ച് പഞ്ചാബിലെ ഒരു ഗ്രാമപഞ്ചായത്ത്. ബത്തിന്‍ഡ ജില്ലയിലെ ബാലോ ഗ്രാമമാണ് വിവാഹ ആഘോഷങ്ങളിലെ അസ്വീകാര്യമായ പ്രവണതകൾക്കെതിരേ രംഗത്തെത്തിയിരിക്കുന്നത്. മദ്യവും ഡി.ജെ പാർട്ടിയുമില്ലാത്ത കല്യാണ ആഘോഷങ്ങൾക്ക് 21,000 രൂപ സമ്മാനം നൽകുമെന്നാണ് പ്രഖ്യാപനം.
കല്യാണത്തിനായുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കുന്നതിന് ഗ്രാമവാസികളെ നിർബന്ധിക്കുന്നതിനായാണ് സമ്മാനം പ്രഖ്യാപിച്ചിരിക്കുന്നത്. കൂടാതെ മദ്യപാനം പോലുള്ള സാമൂഹ്യ വിപത്തുകളെ ഒഴിവാക്കിനിർത്തലും ലക്ഷ്യമാണെന്ന് ഗ്രാമപഞ്ചായത്ത് അധ്യക്ഷ അമർജിത് കൗര്‍ വ്യക്തമാക്കി.
മദ്യപാനികള്‍ തമ്മിലുള്ള വാക്കുതര്‍ക്കങ്ങള്‍ പല കല്യാണ ആഘോഷങ്ങളിലും പതിവാണ്. കൂടാതെ ഡി.ജെ പാര്‍ട്ടിയില്‍ ഉയർന്ന ശബ്ദത്തിൽ പാട്ടുകള്‍ വെയ്ക്കുന്നത് ശബ്ദമലിനീകരണത്തിനൊപ്പം കുട്ടികളുടെ പഠനത്തെയും മോശമായി ബാധിക്കുന്നു. ഇത്തരം പ്രശ്നങ്ങൾക്കുള്ള പരിഹാരം എന്ന നിലയിലാണ് ഗ്രാമപഞ്ചായത്തിന്റെ ഈ നടപടി.മദ്യവും ഡി.ജെ പാര്‍ട്ടിയുമില്ലാത്ത കല്യാണ ആഘോഷങ്ങള്‍ക്ക് 21,000 രൂപ സമ്മാനം നല്‍കുന്നതിനുള്ള പ്രമേയം ഗ്രാമപഞ്ചായത്ത് ഇതിനോടകം പാസാക്കിക്കഴിഞ്ഞു. ബാലോ ഗ്രാമത്തിലെ ആകെ ജനസംഖ്യ 5,000 മാണ്.