കൊച്ചിയുടെ പുതിയ മുഖമുദ്രയായി കപ്പല്‍ശാലയില്‍ പുതിയ കൂറ്റന്‍ ക്രെയിന്‍ ഉയരുന്നു.കൊച്ചിയെ കപ്പല്‍നിര്‍മാണത്തിനും അറ്റകുറ്റപ്പണിക്കുമുള്ള ആഗോള ഹബ്ബാക്കാനായി കപ്പല്‍ശാല നിര്‍മിക്കുന്ന പുതിയ ഡ്രൈഡോക്കിലാണ് കൊറിയന്‍ കമ്പനിയായ ഹ്യുണ്ടായ് സാംഹോ ഹെവി ഇന്‍ഡസ്ട്രീസ് നിര്‍മിച്ച ഗാന്‍ട്രി ക്രെയിന്‍ സജ്ജമാകുന്നത്.185 കോടി രൂപയാണ് നിര്‍മാണച്ചെലവ്.കൂറ്റന്‍ കപ്പലുകളുടെ ഹള്ളിലേക്ക് ഭാരമേറിയ യന്ത്രങ്ങള്‍ എടുത്തുവയ്ക്കാന്‍ 600 ടണ്‍ ശേഷിയിലാണ് ഇത് നിര്‍മിച്ചിരിക്കുന്നത്. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ കൊച്ചി തീരത്തിറക്കിയ ക്രെയിന്‍ ആറുമാസമെടുത്താണ് കൂട്ടിയോജിപ്പിച്ച് മുകളിലേക്ക് ഉയര്‍ത്തിയത്. 60 ശതമാനം പണി പൂര്‍ത്തിയായിക്കഴിഞ്ഞു.
നിലവില്‍ രണ്ട് ഡ്രൈഡോക്കുകളിലായി 300 ടണിന്റെയും 150 ടണിന്റെയും ഓരോ ക്രെയിനുകളാണുള്ളത്. വേമ്പനാട് കായല്‍ത്തീരത്ത് കപ്പല്‍ശാലയോടുചേര്‍ന്ന് 15 ഏക്കറിലാണ് പുതിയ ഡ്രൈഡോക്ക് നിര്‍മിക്കുന്നത്. കോണ്‍ക്രീറ്റ് പൈലിങ്, സംരക്ഷണമതില്‍, കായലില്‍നിന്ന് ഡോക്കിലേക്കുള്ള ഗേറ്റ് തുടങ്ങിയവയുടെ നിര്‍മാണം പുരോഗമിക്കുകയാണെന്ന് കപ്പല്‍ശാല അധികൃതര്‍ പറഞ്ഞു. ആധുനിക സംവിധാനങ്ങളോടെ നിര്‍മിക്കുന്ന 130 മീറ്റര്‍ നീളവും 75 മീറ്റര്‍ വീതിയും 13 മീറ്റര്‍ ആഴവുമുള്ള ഡ്രൈഡോക്ക് വലുപ്പത്തില്‍ രാജ്യത്ത് രണ്ടാമത്തേതും പൊതുമേഖലയില്‍ ഒന്നാമത്തേതുമാകും. 1799 കോടി മുതല്‍മുടക്കിലുള്ള പദ്ധതിക്ക് 100 വര്‍ഷത്തെ ആയുസ്സാണ് പ്രതീക്ഷിക്കുന്നത്.
2018ല്‍ മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയും ചേര്‍ന്നാണ് ഡ്രൈഡോക്ക് നിര്‍മാണം ഉദ്ഘാടനം ചെയ്തത്. ഈ ജനുവരിയില്‍ പ്രധാനമന്ത്രി പദ്ധതി രാജ്യത്തിന് സമര്‍പ്പിച്ചു. പദ്ധതി പ്രവര്‍ത്തന സജ്ജമാകുന്നതോടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് വന്‍ കപ്പല്‍നിര്‍മാണ ഓര്‍ഡറുകള്‍ കൊച്ചിയിലെത്തുമെന്നാണ് കരുതുന്നത്.ഇന്ത്യന്‍ നാവികസേനയുടെ രണ്ടാമത്തെ തദ്ദേശീയ വിമാനവാഹിനിക്കപ്പല്‍ ഐഎന്‍എസ് വിശാലിന്റെ നിര്‍മാണം ഇവിടെയായേക്കും. കൂറ്റന്‍ എല്‍എന്‍ജി കാരിയറുകള്‍,ഓയില്‍ റിഗ്ഗുകള്‍ തുടങ്ങിയവയുടെയും വന്‍കിട ജലയാനങ്ങളുടെയും നിര്‍മാണംകൂടി സാധ്യമാകുന്ന തരത്തിലാണ് ഡ്രൈഡോക്കിന്റെ രൂപ കല്‍പ്പന.