നായ്പിഡോ: ഭൂകമ്പത്തിന് പിന്നാലെ മ്യാന്മറില് ഭൗമോപരിതലത്തില്‍ വലിയ വിള്ളല്‍ രൂപപ്പെട്ടു. ഏകദേശം 500 കിലോമീറ്റര്‍ വ്യാപിച്ചുകിടക്കുന്നതാണ് ഈ വിള്ളല്‍. ഉയര്‍ന്ന റെസല്യൂഷന്‍ ഉപഗ്രഹചിത്രങ്ങളില്‍ ഈ വിള്ളല്‍ വ്യക്തമാണ്. അഞ്ച് മീറ്റര്‍ വരെ ആഴമുള്ളവയാണ് വിള്ളലെന്നാണ് റിപ്പോര്‍ട്ടുകള്‍.
കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ദിശകളിലായി വലിയ തോതിലുള്ള തിരശ്ചീന സ്ഥാനചലനങ്ങള്‍ ചിത്രങ്ങളില്‍ വ്യക്തമാണ്. ഇത് വിള്ളലിന്റെ തോത് എടുത്തുകാണിക്കുന്നു. മാന്‍ഡലെയ്ക്ക് സമീപമാണ് കൂടുതല്‍ വിള്ളലുകള്‍ കണ്ടെത്തിയത്. ജനസാന്ദ്രത ഏറെയുള്ള ഈ പ്രദേശത്തെ ദുരന്തത്തിന്റെ തീവ്രത അടിവരയിടുന്നതാണ് ഇതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മൂവായിരത്തിലധികം പേരാണ് മാര്‍ച്ച് 29-ന് മ്യാന്മാറിലുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ കൊല്ലപ്പെട്ടത്. ഭൂകമ്പമാപിനിയില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ പതിനായരങ്ങള്‍ക്ക് പേര്‍ക്ക് പരിക്കേറ്റു. പ്രാദേശികസമയം ഉച്ചയ്ക്ക് 12.50-ഓടെയാണ് ഭൂചലനമുണ്ടായത്. 6.8 ത്രീവ്രത രേഖപ്പെടുത്തിയതുള്‍പ്പെടെ ആറ് തുടര്‍ചലനങ്ങളുമുണ്ടായി.
ഒരു നൂറ്റാണ്ടിനിടെ മ്യാന്മറിനെ ബാധിച്ച ഏറ്റവും ശക്തമായ ഭൂകമ്പങ്ങളിലൊന്നായിരുന്നു ഇത്. ഏകദേശം 2.8 കോടി ആളുകള്‍ താമസിക്കുന്ന പ്രദേശത്ത് വ്യാപകമായ നാശനഷ്ടങ്ങള്‍ വരുത്തിവച്ചു. ആശുപത്രികള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ തകര്‍ന്നു, കെട്ടിടസമുച്ഛയങ്ങള്‍ നിലംപൊത്തി. തായ്ലന്ഡ്, ചൈന, വിയറ്റ്നാം എന്നിവിടങ്ങളില്‍ കാര്യമായ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.മ്യാന്മാറിലെ രണ്ടാമത്തെ വലിയ നഗരമായ മാന്‍ഡലെയിലാണ് ഭൂകമ്പം കനത്തനാശംവിതച്ചത്. മാന്‍ഡലെയ്ക്ക് സമീപമായിരുന്നു ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.