മലപ്പുറം: മലപ്പുറം കോഡൂർ പഞ്ചായത്തിലെ മാലിന്യശേഖരണ കേന്ദ്രത്തിന് (എംസിഎഫ്) തീപിടിച്ചു. രണ്ടാം വാർഡ് വടക്കേമണ്ണയിൽ നൂറാടിയിലെ കടലുണ്ടി പുഴയ്ക്ക് സമീപമുള്ള എംസിഎഫിനാണ് തീപിടിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്.
ഹരിത കർമ്മ സേനയുടെ എട്ടു സ്ത്രീകൾ ഈ സമയം കേന്ദ്രത്തിൽ ഉണ്ടായിരുന്നു. പൊട്ടിത്തെറി ശബ്ദംകേട്ട് ഇതിൽ ഒരാൾ പുറത്തിറങ്ങി നോക്കിയപ്പോഴാണ് തീ പടരുന്നത് കണ്ടത്. ഉടൻ എല്ലാവരും പുറത്തേക്കിറങ്ങി ഓടുകയായിരുന്നു. ഇവരുടെ പണവും ഒരാളുടെ മൊബൈൽ ഫോണും എംസിഎഫിന് അകത്തായി. ഏകദേശം 12,000 രൂപയോളം നഷ്ടപ്പെട്ടതായി ഹരിതകർമ സേനാംഗങ്ങൾ പറഞ്ഞു.
മലപ്പുറം ഫയർഫോഴ്സ് എത്തിയാണ് തീ അണച്ചത്. പുക പടരുന്നത് ഒഴിവാക്കാൻ ഫയർഫോഴ്സ് വെള്ളം പമ്പ് ചെയ്യുന്നുണ്ട്.
പ്ലാസ്റ്റിക് മാലിന്യങ്ങൾക്ക് പുറമേ ഇ വേസ്റ്റ് ഉൾപ്പെടെയുള്ളവ കേന്ദ്രത്തിൽ ഉണ്ടായിരുന്നു. പ്രദേശം മുഴുവനായും പുകകൊണ്ട് നിറഞ്ഞു.