ഇന്ന് മന്നം ജയന്തി. കേരളത്തിൽ നിലനിന്നിരുന്ന അനാചാരങ്ങൾക്കെതിരെ പോരാടിയ എൻഎസ്എസ് സ്ഥാപകനായ മന്നത്ത് പത്മനാഭന്റെ ഓർമ ദിനം. കാലത്തിന് മുന്നേ സഞ്ചരിച്ച കര്‍മയോഗിയായിരുന്നു അദ്ദേഹം. സമൂഹത്തിലെ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെയും ശക്തമായ നിലപാടാണ് എക്കാലത്തും സ്വീകരിച്ചത്.
ജാതിമത വേര്‍തിരിവില്ലാതെ എല്ലാവര്‍ക്കുമായി കുടുംബക്ഷേത്രമായ പെരുന്നയിലെ മാരണത്തുകാവ് ദേവീക്ഷേത്രം തുറന്നു നല്‍കിയായിരുന്നു മന്നത്തിന്റെ സാമൂഹിക ഇടപെടലുകളുടെ തുടക്കം. 1914ല്‍ നായര്‍ സമുദായ ഭൃത്യജനസംഘം ആരംഭിച്ച് സമുദായ പരിഷ്കരണത്തിനു തുടക്കമിട്ടു. പിന്നീടത് നായര്‍ സര്‍വീസ് സൊസൈറ്റി എന്നു പുനര്‍നാമകരണം ചെയ്തു. വൈക്കം സത്യാഗ്രഹത്തെ എതിര്‍ത്ത സവര്‍ണരെ അണിനിരത്തി വൈക്കത്ത് നിന്ന് തിരുവനന്തപുരത്തേക്ക് നയിച്ച സവര്‍ണജാഥയും ഗുരുവായൂര്‍ സത്യഗ്രഹവും മന്നത്ത് പത്മനാഭന്റെ നേതൃപാടവം അടയാളപ്പെടുത്തി.
സമൂഹനന്മയ്ക്കൊപ്പം സ്വന്തം സമുദായത്തിന്റെ പുരോഗതിക്കുവേണ്ടി അക്ഷീണം നിലകൊണ്ട സാമൂഹിക പരിഷ്കര്‍ത്താവായിരുന്നു.പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തിരഞ്ഞെടുപ്പില്‍ വിജയിച്ച് നിയമസഭാ സമാജികനായി. വിദ്യാഭ്യാസ മേഖലയില്‍ നിരവധി കര്‍മ്മപരിപാടികള്‍ വിജയകരമായി നടപ്പാക്കിയ മന്നത്ത് പത്മനാഭന് ഒട്ടനവധി സ്കൂളുകളും കോളജുകളും സ്ഥാപിച്ചു.
കാലാതീതമായ ദര്‍ശനങ്ങളും നിലപാടുകളും കൊണ്ട് കേരളത്തിന്റെ സാമൂഹികമാറ്റത്തിന്റെ ചാലകശക്തിയായി മാറിയെന്നതാണ് മന്നത്ത് പത്മനാഭന്റെ പ്രസക്തിയേറി. സാംസ്കാരിക തകർച്ചയ്ക്കിടയാക്കുന്ന സംബന്ധവിവാഹങ്ങൾ സൃഷ്ടിക്കുന്ന അസ്തിത്വ പ്രതിസന്ധിയും കൂട്ടുകുടുംബ വ്യവസ്ഥയുടെ ഇടർച്ചകളും ചേർന്ന് ഇരുൾപടർന്ന ജീവിത ഇടങ്ങളിൽ പ്രകാശം നിറയ്ക്കാനാണ് തുടർന്ന് മന്നം തന്റെ ജീവിതം ചെലവഴിച്ചത്.1910ൽ പെരുന്നയിൽ മന്നം സെക്രട്ടറിയായി ആദ്യം കരയോഗം രജിസ്റ്റർ ചെയ്തതുമുതൽ സമർപ്പിച്ച പൂർണജീവിതം സ്വസമുദായത്തിന് മാത്രമല്ല കേരളക്കരയ്ക്കാകെ ആത്മവിശ്വാസം പകരുന്നതായി.