മനാമ : ഹമദ് രാജാവിന്റെ വികസന നയങ്ങൾക്കനുസൃതമായി, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നിർദേശപ്രകാരം രാജ്യത്തിന്റെ ഡിജിറ്റൽ പരിവർത്തനം മെച്ചപ്പെടുത്തുന്നതിന് മുന്നോടിയായി 27 പരിസ്ഥിതി സേവനങ്ങൾ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ഡിജിറ്റലാക്കി.
ഡിജിറ്റൽ പ്രവേശനക്ഷമത വർധിപ്പിക്കുന്നതിന്റെയും നടപടിക്രമങ്ങൾ ലളിതമാക്കുന്നതിന്റെയും ഭാഗമായാണ് കൂടുതൽ പരിസ്ഥിതി സേവനങ്ങൾ സുപ്രീം കൗൺസിൽ ഫോർ എൻവയോൺമെന്റ് ഡിജിറ്റലാക്കിയിരിക്കുന്നത്.
പാരിസ്ഥിതിക നിയന്ത്രണവും സംരക്ഷണവുമായി ബന്ധപ്പെട്ട 11 സേവനങ്ങൾ, പരിസ്ഥിതി വിലയിരുത്തലിനും ലൈസൻസിങ്ങിനുമുള്ള എട്ട് സേവനങ്ങൾ, റേഡിയേഷൻ മാനേജ്മെന്റിനുള്ള ഏഴ് സേവനങ്ങൾ എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
24 സർക്കാർ സ്ഥാപനങ്ങളിൽ 500 സേവനങ്ങൾ ഡിജിറ്റലൈസ് ചെയ്യാൻ തീരുമാനിച്ചിരുന്നു. സേവനങ്ങളുടെ ഡിജിറ്റലൈസേഷൻ, നടപടിക്രമങ്ങൾ ലഘൂകരിക്കുക, പേപ്പർവർക്കുകൾ കുറക്കുക, എല്ലാ ഇലക്ട്രോണിക് പ്ലാറ്റ്ഫോമുകളിലും തടസ്സമില്ലാത്ത സേവനം ഉറപ്പാക്കുക എന്നിവയാണ് ലക്ഷ്യമിടുന്നത്.ഡിജിറ്റൽ സേവനങ്ങളിലേക്കുള്ള നിർണായക നടപടിയാണിതെന്ന് എണ്ണ-പരിസ്ഥിതി മന്ത്രി മുഹമ്മദ് ബിൻ മുബാറക് ബിൻ ദൈന അഭിപ്രായപ്പെട്ടു.
അപേക്ഷ നടപടിക്രമങ്ങളുടെ ഘട്ടങ്ങൾ പരമാവധി നാലാക്കി ചുരുക്കാനും പ്ലാറ്റ്ഫോമുകളിലുടനീളമുള്ള സേവന വിവരങ്ങൾ ഏകീകരിക്കാനും ഇതിടയാക്കും. മാലിന്യ സംസ്കരണ ലൈസൻസിങ്ങും പ്ലാസ്റ്റിക് ഉൽപന്ന വ്യാപാരം, സൈറ്റ് പരിശോധന അഭ്യർഥനകൾ എന്നിവയടക്കം ഓൺലൈനാക്കിയിട്ടുണ്ട്.