കൊല്ലം : കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകർന്ന് വീണ് പ്ലസ് ടു വിദ്യാർഥി മരിച്ചു. ചാത്തിനാംകുളം സ്വദേശി അനന്ദുവാണ് മരിച്ചത്. കൊല്ലം ചാത്തിനാംകുളം അംബേദ്കർ കോളനിയിലെ സ്വകാര്യ കശുവണ്ടി ഫാക്ടറിയിലാണ് സംഭവം.
ഈ ഫാക്ടറി നാളുകളായി പൂട്ടി കിടക്കുകയാണ്. വെള്ളിയാഴ്ച വൈകീട്ട് ഫാക്ടറിയുടെ പരിസരത്ത് സുഹൃത്തുക്കൾക്ക് ഒപ്പം ഇരിക്കുകയായിരുന്നു അനന്ദു. ഇതിനിടെയാണ് ചിമ്മിനി തകർന്ന് വീണത്. സംഭവം ഉണ്ടായ ഉടൻ എല്ലാവരും അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു. അനന്ദു കൂടെയുണ്ടെന്നാണ് സുഹൃത്തുക്കൾ കരുതിയത്.
രാത്രിയോടെയാണ് അനന്ദുവിനെ കാണാനില്ലെന്ന് സുഹൃത്തുക്കൾ മറ്റുള്ളവരെ അറിയിക്കുന്നത്. ഉടൻ തന്നെ വീട്ടുകാർ പൊലീസിനെ വിവരം അറിയിച്ചു. രാത്രി 9.30 ഓടെയാണ് അനന്ദുവിന്റെ മൃതദേഹം കണ്ടെത്തിയത്. ചിമ്മിനിയുടെ അവശിഷ്ടങ്ങൾക്കിടയിൽ കുടുങ്ങിയ നിലയിലാണ് മൃതദേഹം ഉണ്ടായിരുന്നത്.