ചെന്നൈ: ഫ്ളാറ്റിന്റെ മേൽക്കൂരയിൽ ഏതുനിമിഷവും താഴേയ്ക്ക് വീഴാവുന്ന വിധം തങ്ങിനിൽക്കുന്ന പിഞ്ചുകുഞ്ഞ്… എന്തുചെയ്യണമെന്നറിയാതെ പരിസരവാസികൾ… കാണുന്നവരുടെ നെഞ്ചിടിപ്പേറ്റുന്ന ദൃശ്യമാണ് ഞായറാഴ്ച പുറത്തുന്ന ഈ വീഡിയോയിലുള്ളത്. ഒടുവിൽ ഏതാനും പേർ ചേർന്ന് അതിസാഹസികമായി കുട്ടിയെ രക്ഷപ്പെടുത്തുന്നതോടെയാണ് കാഴ്ചക്കാരുടെ ശ്വാസം നേരേവീഴുന്നത്.
ചെന്നൈ ആവടിയിലാണ് സംഭവം നടന്നത്. മുകൾ നിലയിൽ കളിച്ചുകൊണ്ടിരിക്കുന്നതിനിടെ താഴേക്കുവീണ രണ്ടുവയസ്സുള്ള കുഞ്ഞ് ഫ്ലാറ്റുകൾക്കിടയിലെ റൂഫിങ് ഷീറ്റിൽ തങ്ങിനിൽക്കുകയായിരുന്നു. അപകടകരകമായ നിലയിൽ ഷീറ്റിൽ തങ്ങിനിൽക്കുന്ന കുഞ്ഞിനെ പരിസരവാസികളാണ് ആദ്യം കാണുന്നത്. ഞായറാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
ആദ്യം എന്തുചെയ്യണമെന്ന് അറിയാതെ അമ്പരപ്പിലായെങ്കിലും പിന്നീട് അവസരത്തിനൊത്തുയർന്ന പരിസരവാസികൾ കുഞ്ഞിനെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു.
കുഞ്ഞ് തങ്ങിക്കടക്കുന്നതിന് തൊട്ടുതാഴെയുള്ള ഫ്ലാറ്റിന്റെ ബാൽക്കണിയിൽനിന്ന് ഭിത്തിയിൽ ചവിട്ടിക്കയറി, കുഞ്ഞിനെ കൈയ്യെത്തിപ്പിടിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ കുട്ടി താഴേയ്ക്കു വീഴുകയാണെങ്കിൽ കുഞ്ഞിനെ രക്ഷിക്കുന്നതിനുള്ള സജ്ജീകരണങ്ങളും പരിസരവാസികൾ ഒരുക്കിയിരുന്നു.