നിലമ്പൂര്‍: കാട്ടാനയുടെ ആക്രമണത്തില്‍ ആദിവാസി യുവാവ് മരിച്ച സംഭവത്തെത്തുടർന്നുണ്ടായ പ്രതിഷേധം അക്രമാസക്തമായി. നിലമ്പൂര്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിഷേധമാണ് അക്രമത്തില്‍ കലാശിച്ചത്. നിലമ്പൂരിലെ വനംവകുപ്പ് ഓഫീസിലേക്ക് പ്രതിഷേധക്കാര്‍ രോഷാകുലരായി ഇരച്ചുകയറുകയും തുടർന്ന് കസേരകള്‍ അടിച്ചുതകര്‍ക്കുകയും ചെയ്തു.നിലമ്പൂര്‍ ഡി.എഫ്.ഒ. ഓഫീസിന് മുന്നില്‍നിന്ന് ജില്ലാ ആശുപത്രിയിലേക്കാണ് പ്രതിഷേധജാഥ നടത്തിയത്.
ജാഥ ആരംഭിക്കുന്നതിനു മുമ്പായി പി.വി. അന്‍വര്‍ മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. ഇതിന് ശേഷമാണ് പ്രതിഷേധക്കാര്‍ ഡി.എഫ്.ഒ. ഓഫീസിലേക്ക് കയറുകയും കസേരകള്‍ തകര്‍ക്കുന്നതും. തുടര്‍ന്ന് പ്രതിഷേധജാഥ ആശുപത്രിയിലേക്ക് നീങ്ങി.പ്രവര്‍ത്തകരുടെ വികാരപ്രകടനമാണ് ഡി.എഫ്.ഒ. ഓഫീസില്‍ കണ്ടതെന്ന് പി.വി. അന്‍വര്‍ പറഞ്ഞു. ‘അതില്‍ നമുക്കൊന്നും ചെയ്യാന്‍ സാധിക്കില്ല. പ്രവര്‍ത്തകരുടെ വികാരം നിയന്ത്രിക്കുന്നതിന് പരിധിയുണ്ട്. നമുക്ക് ചെയ്യരുതെന്ന് പറയാനല്ലേ പറ്റൂ. ഇത് ജനവികാരമാണ്. അത് സര്‍ക്കാര്‍ മനസിലാക്കണം. മന്ത്രിയെ ഇതുവരെ ഈ വഴിക്ക് കണ്ടില്ല. അവര്‍ എ.സി. റൂമില്‍ കിടന്നുറങ്ങിയാല്‍ മതിയോ? ഈ വിഷയത്തില്‍ ഇടപെടണ്ടേ? ജനങ്ങള്‍ ഇനിയും റോഡിലേക്ക് ഇറങ്ങുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്’, എന്ന് അന്‍വര്‍ പറഞ്ഞു.
തെരുവിലെ പട്ടിയുടെ വിലപോലും മനുഷ്യജീവന് സര്‍ക്കാര്‍ കല്‍പ്പിക്കുന്നില്ലെന്ന് നേരത്തേ തന്നെ മാധ്യമങ്ങളോട് പി.വി. അന്‍വര്‍ പറഞ്ഞിരുന്നു. ഇത് സര്‍ക്കാര്‍ നടത്തുന്ന കൊലപാതകമാണ്. ഒമ്പത് ദിവസത്തിനിടെ ആറ് പേരെയാണ് കേരളത്തില്‍ ആന ചവിട്ടിക്കൊന്നതെന്നും പി.പി. അന്‍വര്‍ വ്യക്തമാക്കി.