ആലപ്പുഴ: ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു. ആലപ്പുഴയില്‍ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് സംഭവം.കൊടുപ്പുന്ന സ്വദേശി രാഹുല്‍ (30) ആണ് മരിച്ചത്. പാടശേഖരത്ത് കൂട്ടുകാർക്കൊപ്പം ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇടിമിന്നലേല്‍ക്കുകയായിരുന്നു. ഉടൻതന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
ഇടിമിന്നല്‍ ജാഗ്രതാ നിർദേശം
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുൻകരുതല്‍ കാർമേഘം കണ്ട് തുടങ്ങുന്ന സമയം മുതല്‍ തന്നെ സ്വീകരിക്കേണ്ടതാണ്. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ ഇത്തരം മുൻകരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുത്.