ഒരു യുവതി വധശിക്ഷയ്ക്ക് വിധേയമാവുന്ന കേരളത്തിലെ ആദ്യത്തെ കേസായി പാറശ്ശാല ഷാരോൺ വധക്കേസ് മാറുകയാണ്. വധശിക്ഷ ശരിയാണോ, ഒരു കൊലയ്ക്ക് പകരം മറ്റൊരു കൊല, അത് ശിക്ഷയായി മാറുന്നത് നല്ല കീഴ്വഴക്കമാണോ തുടങ്ങിയ ചര്‍ച്ചകള്‍ വളരെ ഗൗരവകരമായി നടന്നുകൊണ്ടിരിക്കുന്നതിനിടയിലാണ് പാറശ്ശാല ഷാരോൺ കൊലക്കേസില്‍ പ്രതിയായ ഗ്രീഷ്മയെ മരണം വരെ തൂക്കിക്കൊല്ലാനാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്. കേവലം 21 വയസു മാത്രമുണ്ടായിരുന്ന ഒരു പെണ്‍കുട്ടി നടത്തിയ അതിക്രൂരമായ കൊലപാതകത്തിന്റെ ഞെട്ടിപ്പിക്കുന്ന തെളിവുകളാണ് കോടതിയെക്കൊണ്ട് ഏറ്റവും വലിയ ശിക്ഷയായ വധശിക്ഷ തന്നെ വിധിക്കാന്‍ കാരണമായതെന്ന് ശിക്ഷാവിധിയില്‍ വ്യക്തമാക്കുന്നുണ്ട്.
കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ കൊലപാതകത്തിലുണ്ടായിരിക്കുന്ന ശിക്ഷാ വിധി ഏവരേയും ഏറെ ചിന്തിപ്പിക്കുകയും സമൂഹത്തിന് വലിയ മാതൃകയുമാവുകയാണ്. സ്വന്തം സുഖത്തിനും താല്പര്യത്തിനും അപ്പുറം മറ്റൊന്നുമില്ലെന്ന നിലയിലേക്ക് വ്യക്തികള്‍ അധ:പ്പതിച്ചതിന്റെ ദൃഷ്ടാന്തമായിരുന്നു പാറശ്ശാലയില്‍ ഷാരോൺ എന്ന യുവാവിനുണ്ടായ ദുരന്തം. യുവാവായിരുന്ന ഷാരോണുമായി ഗ്രീഷ്മക്കുണ്ടായിരുന്ന പ്രണയബന്ധം ഒരു ബാധ്യതയായി മാറിയതോടെയാണ് പ്രതി യുവാവിനെ കൊല്ലാന്‍ പദ്ധതി തയ്യാറാക്കുന്നത്. പലപ്പോഴും സ്ത്രീകള്‍ പ്രതികളാവുന്നത് അപ്രതീക്ഷിതവും സാഹചര്യങ്ങളുടെ സമ്മർദ്ദത്താൽ സംഭവിച്ചുപോവുന്നതുമായിരുന്നു.
എന്നാല്‍ ഷാരോണിനെക്കാൾ കുറച്ചുകൂടി ജീവിത സാഹചര്യങ്ങളുള്ള മറ്റൊരു യുവാവിനെ വിവാഹം ചെയ്യുന്നതിനായി കാമുകനായിരുന്ന യുവാവിനെ വകവരുത്താന്‍ നീണ്ട ദിവസത്തെ പദ്ധതി തയ്യാറാക്കിയ ഗ്രീഷ്മ കൊടും കുറ്റവാളിയായാണ് പ്രോസിക്യൂഷന് തുടക്കം മുതല്‍ കോടതിയെ ധരിപ്പിച്ചിരുന്നത്. സാഹചര്യതെളിവുകളെല്ലാം ഗ്രീഷ്മയ്ക്ക് എതിരായിരുന്നു. ലൈംഗിക ബന്ധത്തിനെന്ന് പറഞ്ഞ് വീട്ടിലേക്ക് വിളിച്ചുവരുത്തി, കഷായത്തില്‍ കീടനാശിനി കലര്‍ത്തി കുടിപ്പിച്ച് ഒരു ദയയുമില്ലാതെ കൊലപ്പെടുത്തിയ ഗ്രീഷ്മ ദയ അര്‍ഹിക്കുന്നില്ലെന്നാണ് കോടതി വിധി ന്യായത്തില്‍ വ്യക്തമാക്കുന്നത്.
ആദ്യം ജ്യൂസില്‍ വിഷം കലര്ത്തികൊലപ്പെടുത്താന് ശ്രമിച്ചതിന്റെ തെളിവുകളായി വീഡിയോ കോടതി പരിഗണിച്ചിരുന്നു.
വിഷം കലര്‍ത്തിയ കഷായം കുടിച്ചതിനെ തുടര്‍ന്ന് 11 ദിവസം ഒരു തുള്ളി വെള്ളം പോലും ഇറക്കാന്‍ കഴിയാതെ ആശുപത്രിയില്‍ കിടന്നിട്ടും ഷാരോൺ ഗ്രീഷ്മയെ തള്ളിപ്പറയാന്‍ തയ്യാറിയില്ലെന്നതും ശ്രദ്ധേയമാണ്. ഏറെ ആത്മാര്‍ത്ഥമായി ഷാരോൺ ഗ്രീഷ്മയെ സ്നേഹിച്ചിരുന്നുവെന്നതിന്റെ തെളിവായിരുന്നു ഇതൊക്കെ. എന്നാല്‍ ഗ്രീഷ്മയാവട്ടെ തന്റെ ഭാവി ജീവിതത്തിന് വിലങ്ങു തടിയായേക്കാവുന്ന ഷാരോൺ ജീവിച്ചിരിക്കരുതെന്ന് നിശ്ചയിച്ചുറപ്പിക്കുകയും കൊല്ലാനുള്ള മാര്‍ഗങ്ങള്‍ പരിക്ഷിക്കുകയുമായിരുന്നു.
സ്നേഹിക്കുന്ന ആരേയും വിശ്വസിക്കാന്‍ കൊള്ളില്ലെന്ന സന്ദേശമാണ് സമൂഹത്തിന് ഗ്രീഷ്മ നല്‍കിയതെന്നാണ് കോടതി അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പരിഗണിക്കാനുള്ള കാരണം. സമൂഹത്തില്‍ വ്യക്തികള്‍ തമ്മിലുള്ള വിശ്വാസ്യത തകര്‍ത്ത ഗ്രീഷ്മ ഒരു തരത്തിലും ദയ അര്‍ഹിക്കുന്നില്ല. പാറശ്ശാല ഷാറോണ്‍ വധക്കേസിലെ വിധി കേരളീയ സമൂഹം ഒറ്റ മനസോടെയാണ് സ്വീകരിക്കുന്നത്. ഒരു കുടുംബത്തിന്റെ അത്താണിയാവേണ്ടിയിരുന്ന ഒരു യുവാവിനെ ചെറുപ്രായത്തില്‍ തന്നെ തന്റെ ജീവിതം സുഖകരമാക്കുന്നതിന്റെ ഭാഗമായി കൊന്നു കളഞ്ഞ ഒരു പെണ്‍കുട്ടിയുടെ കഥയാണ് ഇത്.
കാമുകനെ കൊലപ്പെടുത്തിയ കാമുകിമാര്‍ ഏറെയുണ്ട്. എന്നാല്‍ ഇത്തരത്തില്‍ അതിനീചമായുള്ള കൊലകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രണയ ബന്ധങ്ങളുടെ സത്യസന്ധത വീണ്ടെടുക്കാന്‍ ഗ്രീഷ്മയെപ്പോലുള്ള കൊടും കുറ്റവാളികള്‍ ഇല്ലാതിരിക്കാന്‍ ഈ വിധിയെ സമൂഹത്തിന് സ്വാഗതം ചെയ്യേണ്ടിവരും. മകന് നഷ്ടപ്പെട്ട ആ മാതാപിതാക്കളുടെ കണ്ണീരിന് ഈ വിധി ശാശ്വതമായൊരു പരിഹാരമല്ലെങ്കലും ഇനിയൊരു അച്ഛനമ്മമാര്‍ക്കും ഇത്തരത്തില്‍ കണ്ണീര് പൊഴിക്കാതിരിക്കാന്‍ ഈ വിധി സഹായകമാവട്ടെ എന്നു മാത്രം നമുക്ക് ആശ്വസിക്കാം.
പാറശ്ശാല ഷാരോണിന് കഷായത്തില്‍ കളനാശിനി കലര്‍ത്തി നല്‍കിയത് 2022 ഒക്ടോബര്‍ 14 നായിരുന്നു. പൊലീസ് നടത്തിയ കുറ്റമറ്റ രീതിയിലുള്ള അന്വേഷണമാണ് ഈ കൊടും ക്രൂരത നടത്തിയ ഗ്രീഷ്മയിലേക്ക് എത്തിയത്. മനസാക്ഷിയെ നടുക്കിയ സംഭവം അരങ്ങേറി മൂന്നു വര്‍ഷം തികയുന്നതിന് മുന്‍പുതന്നെ വിധിവരുന്നതും ശ്ലാഘനീയമാണ്.