ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ആരംഭിക്കാനിരിക്കവെ രാജ്യതലസ്ഥാനത്ത് എഎപി-ബിജെപി ഏറ്റുമുട്ടൽ. തന്നെ ഔദ്യോഗിക വസതിയിൽനിന്ന് പുറത്താക്കിയെന്ന, മുഖ്യമന്ത്രി അതിഷിയുടെ ആരോപണവും അതിനുള്ള ബിജെപിയുടെ മറുപടിയുമാണ് ഇപ്പോൾ രംഗം ചൂടുപിടിപ്പിക്കുന്നത്. മാധ്യമങ്ങളുമായി എഎപി നേതാക്കൾ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേയ്ക്ക് എത്തിയതാണ് പുതിയ ഏറ്റുമുട്ടലിന് കാരണമായത്.
ഷീഷ്മഹലിനേക്കുറിച്ച് ബിജെപി ഉയര്‍ത്തിയ വാദങ്ങളുടെ നിജസ്ഥിതി ബോധ്യപ്പെടുത്താൻ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് ഡല്‍ഹി മന്ത്രിസഭാംഗമായ സൗരഭ് ഭരദ്വാജ്, രാജ്യസഭാ എംപിയായ സഞ്ജയ് സിങ് എന്നിവര്‍ ചൊവ്വാഴ്ച എത്തിയതോടെ സ്ഥിതി കൂടുതൽ വഷളാവുന്നത്. മുഖ്യമന്ത്രിയുടെ വസതിയിലേക്കുള്ള ഇരുവരുടേയും പ്രവേശനം പോലീസ് തടഞ്ഞു.പ്രധാനമന്ത്രിയുടെ വസതിയും മുഖ്യമന്ത്രിയുടെ വസതിയും ജനങ്ങള്‍ക്ക് മുന്നില്‍ കാണിക്കേണ്ടതുണ്ടെന്നും അത് കാണിച്ചുകൊടുക്കാനാണ് ഞങ്ങളിവിടെ വന്നത് എന്നും സൗരഭ് ഭരദ്വാജ് പറഞ്ഞു. പ്രവേശനം തടസപ്പെട്ടതോടെ വസതിക്ക് മുന്നില്‍ ഇരു നേതാക്കളും ധര്‍ണയിരിക്കുകയും പോലീസുകാരുമായി വാഗ്വാദത്തിലേര്പ്പടുകയും ചെയ്തു.
തുടർന്ന് എഎപി നേതാക്കളുടെ പ്രതിഷേധത്തില്‍ അമര്‍ഷം പ്രകടിപ്പിച്ചുകൊണ്ട് ബിജെപി രംഗത്തെത്തി. ആംആദ്മി പാര്‍ട്ടി നടത്തിയ പ്രതിഷേധത്തിലൂടെ തികഞ്ഞ അരാജകത്വമാണ് വെളിപ്പെട്ടതെന്ന് ബിജെപി കുറ്റപ്പെടുത്തി.എഎപി എംപിയായ സഞ്ജയ് സിങും മന്ത്രിയായ സൗരഭ് ഭരത്വാജും ഇന്ന് കാഴ്ചവെച്ച പ്രകടനത്തിന് അരവിന്ദ് കെജ്രിവാളിന്റെ അഴിമതിയുടെ മ്യൂസിയത്തെ രക്ഷിക്കാന്‍ കഴിയില്ലെന്നും ഷീഷ്മഹലില് ഇന്ന് നടന്ന സംഭവത്തിലൂടെ വെളിപ്പെട്ടത് തികഞ്ഞ അരാജകത്വമാണെന്നും ബിജെപി എംപി സുധാന്‍സു ത്രിവേദിയെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.
ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേദിവസം മുഖ്യമന്ത്രിയായ തന്നെ ഔദ്യോഗിക വസതിയായ ഷീഷ്മഹലില് നിന്ന് കേന്ദ്രസര്‍ക്കാര്‍ പുറത്താക്കി എന്നാരോപിച്ച് ആംആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അതിഷി തിങ്കളാഴ്ച രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിക്ക് അനുവദിച്ച വസതി, കത്ത് മുഖേന റദ്ദാക്കിക്കൊണ്ട് തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരില്‍നിന്നും തട്ടിയെടുത്തുവെന്നായിരുന്നു അതിഷിയുടെ ആരോപണം കൂടാതെ മൂന്ന് മാസങ്ങള്‍ക്ക് മുമ്പും ഇതേ നടപടി നടന്നതായും അതിഷി ആരോപിച്ചിരുന്നു.