റിയാദ്: സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് റിയാദ് ക്രിമിനൽ കോടതി ഇനി ഡിസംബർ എട്ടിന് പരിഗണിക്കും. എട്ടിന് രാവിലെ 9.30-ന് സമയം നൽകിയതായി റിയാദിലെ റഹിം സഹായ സമിതി അറിയിച്ചു. കോഴിക്കോട് സ്വദേശി അബ്ദുൾ റഹീം തൻ്റെ സ്പോൺസറുടെ മകനെ കൊലപ്പെടുത്തിയ കേസിൽ 18 വർഷമായി സൗദി അറേബ്യയിൽ തടവിലാണ്.
ഹർജി പരിഗണിക്കാൻ കാലതാമസമെടുക്കുന്ന സാഹചര്യത്തിൽ ഡിസംബർ എട്ടിന് മുമ്പുള്ള സമയം അനുവദിച്ചു കിട്ടാൻ റഹീമിൻറെ അഭിഭാഷകർ നിയമസഹായത്തിനായി കോടതിയെ സമീപിക്കും. കഴിഞ്ഞ ഞായറാഴ്ച (നവംബർ 17) കോടതി സിറ്റിങ്ങിൽ മോചന ഉത്തരവുണ്ടാകും എന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിരാശയായിരുന്നു ഫലം. രണ്ടാഴ്ചക്ക് ശേഷം തീരുമാനമെടുക്കുമെന്നറിയിച്ച് റിയാദ് കോടതി ഹർജി പരിഗണിക്കുന്നത് മാറ്റിവെക്കുകയായിരുന്നു.