റിയാദ്: സൗദി അറേബ്യയിലെ റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുല്‍റഹീമിന്റെ മോചനം വൈകും. മോചനവുമായി ബന്ധപ്പെട്ട് വിധി പറയുന്നത് റിയാദ് കോടതി വീണ്ടും മാറ്റി വെച്ചു. ഇത് പതിനൊന്നാം തവണയാണ് കേസ് നീട്ടി വെക്കുന്നത്. റിയാദിലുള്ള നിയമസഹായസമിതിയാണ് ഇക്കാര്യം അറിയിച്ചത്. മോചന ഉത്തരവ് ഉടനുണ്ടാകുമെന്ന പ്രതീക്ഷയിലായിരുന്നു അബ്ദുല്‍ റഹീമും കുടുംബവും നിയമസഹായസമിതിയും.
ഓണ്‍ലൈനായിരുന്നു കേസ് പരിഗണിച്ചത്. മോചനത്തിന് തടസങ്ങളില്ലെന്നാണ് നിയമസഹായസമിതി അറിയിച്ചത്. കഴിഞ് തവണ കോടതി ആവശ്യപ്പെട്ട രേഖകളെല്ലാം സമര്‍പ്പിച്ചിരുന്നു. എന്നിട്ടും കേസ് നീട്ടവെക്കുകയായിരുന്നു. റഹീമിന്റെ ജാമ്യാപേക്ഷയും കോടതി പരിഗണിച്ചില്ല. കേസ് നീട്ടിവെച്ചതിന്റെ കാരണം വ്യക്തമായിട്ടില്ല.
സൗദി ബാലന് അനസ് കൊല്ലപ്പെട്ട കേസില്‍ 18 വര്‍ഷമായി ജയിലില്‍ കഴിയുകയാണ് അബ്ദുല്‍ റഹീം. 2006 നവംബറിലാണ് അബ്ദുറഹീം ഹൗസ് ഡ്രൈവര്‍ വിസയില്‍ റിയാദില്‍ എത്തിയത്. സ്പോണ്സര് ഫായിസ് അബ്ദുല്ല അബ്ദുറഹ്മാന് അല്‍ ഷഹ്രിയുടെ മകന് അനസിനെ പരിചരിക്കലായിരുന്നു അബ്ദുല്‍ റഹീമിന്റെ പ്രധാന ജോലി. 2006 ഡിസംബര്‍ 24നാണ് അബ്ദുറഹീമിന്റെ കൂടെ ജി.എം.സി വാനില്‍ യാത്ര ചെയ്യുകയായിരുന്നു അനസ് മരിച്ചത്.