കൊച്ചി: ബലാത്സംഗ പരാതയിൽ ഹൈകോടതി ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ഒളിവിൽ പോയ ചലച്ചിത്രതാരം സിദ്ദീഖ് ഒടുവിൽ അഭിഭാഷകന്റെ ഓഫീസിലെത്തി. കേസിന്റെ തുടർ നീക്കങ്ങൾ ചർച്ച ചെയ്യുന്നതിന്റെ ഭാഗമായാണ് സന്ദർശനമെന്നാണ് സൂചന. സുപ്രീംകോടതി ഇടക്കാല ആശ്വാസം അനുവദിച്ചതിന് പിന്നാലെയാണ് സിദ്ദീഖ് പൊതുജനമധ്യത്തിൽ പ്രത്യക്ഷപ്പെട്ടത്.
നടിയുടെ പീഡന പരാതിയിൽ കോടതി സിദ്ദീഖിന് ഉപാധികളോടെയാണ് മുൻകൂർ ജാമ്യം അനുവദിച്ചത്. രണ്ടാഴ്ച കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും.സിദ്ദീഖിന് ജാമ്യം നൽകുന്നതിനെതിരെ അതിജീവിതയുടെയും സംസ്ഥാന സർക്കാറിന്റെയും തടസ്സഹരജിയും കോടതിയുടെ മുന്നിലെത്തിയിരുന്നു.
മുതിർന്ന അഭിഭാഷകനും മുൻ അറ്റോണി ജനറലുമായ മുകുൾ റോഹ്തകി സിദ്ദീഖിന് വേണ്ടിയും വൃന്ദ ഗ്രോവർ അതിജീവിതക്കുവേണ്ടിയും ഹാജരായിരുന്നു. അന്വേഷണവുമായി സഹകരിക്കണമെന്ന് സിദ്ദീഖിന്റെ അഭിഭാഷകരോടു കോടതി നിർദേശിച്ചു. മലയാള സിനിമ സംഘടനകളായ ‘അമ്മ’യും ഡബ്ല്യു.സി.സിയും തമ്മില്‍ നടക്കുന്ന തര്‍ക്കത്തിന്റെ ഇരയാണ് താനെന്ന് സിദ്ദീഖ് സുപ്രീംകോടതിയിലെ ഹരജിയിൽ പറഞ്ഞിരുന്നു.
ശരിയായി അന്വേഷണം നടത്താതെയാണ് ബലാത്സംഗ കേസില്‍ പ്രതിയാക്കിയത്. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടെ പരസ്പരവിരുദ്ധമായ ആരോപണങ്ങളാണ് പരാതിക്കാരി ഉന്നയിച്ചതെന്നും സിദ്ദീഖ് പറഞ്ഞിരുന്നു. 2016ലാണ് കേസിനാസ്പദമായ സംഭവം. സിനിമയുടെ പ്രിവ്യൂ ഷോയുമായി ബന്ധപ്പെട്ട് യുവനടിയെ തിരുവനന്തപുരം മാസ്കറ്റ് ഹോട്ടലിലെ മുറിയിലേക്ക് വിളിച്ചുവരുത്തി പൂട്ടിയിട്ട് ബലാത്സംഗം ചെയ്തെന്നാണ് കേസ്.