അധികാര ദുര്‍വിനിയോഗം ആരോപിച്ച് പൂനെയില്‍ നിന്ന് വാഷിമിലേക്ക് സ്ഥലം മാറ്റിയ ഐഎഎസ് ട്രെയിനി ഡോ പൂജാ ഖേദ്കറിന്റെ ഐ എ എസ് പദവി റദ്ദാക്കാന്‍ യു പി എസ്സി നടപടി തുടങ്ങി.പ്രാഥമിക അന്വേഷണത്തില്‍ ഉദ്യോഗസ്ഥ തെറ്റുകാരിയാണെന്ന് തെളിഞ്ഞിട്ടുണ്ട്. പേര്, പിതാവിന്റെയും മാതാവിന്റെയും പേര്, ഫോട്ടോ, ഒപ്പ്, ഇ-മെയില്‍ ഐഡി, മൊബൈല്‍ നമ്പര്‍ എന്നിവ വ്യാജമായി സമര്‍പ്പിച്ച് വഞ്ചനാപരമായ കാര്യങ്ങള്‍ നടത്തിയതായി അന്വേഷണത്തില്‍ നിന്ന് വെളിപ്പെട്ടതായി യുപി എസ്സി വാര്‍ത്തകുറിപ്പില്‍ പറഞ്ഞു.ഇനിയുള്ള എല്ലാ പരീക്ഷകളില്‍നിന്നും പൂജയെ അയോഗ്യയാക്കുകയും ചെയ്തു.കഴിഞ്ഞ ദിവസം പൂജ ഖേദ്കറെ കുറിച്ചുള്ള റിപ്പോര്‍ട്ട് മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് സമര്‍പ്പിച്ചിരുന്നു.

പുനെയില്‍ സിവില്‍ സര്‍വിസ് ട്രെയിനിയായി ജോലി ചെയ്തിരുന്ന പൂജയെ വിവാദങ്ങള്‍ക്കു പിന്നാലെ സര്‍ക്കാര്‍ വാഷിമിലേക്ക് സ്ഥലം മാറ്റിയിരുന്നു.എല്ലാ പരീക്ഷാ പ്രക്രിയകളുടെയും പവിത്രതയും സമഗ്രതയും നീതിയോടെയും നിയമങ്ങള്‍ കര്‍ശനമായി പാലിക്കാനും കമ്മീഷന് പ്രതിജ്ഞാബദ്ധമാണെന്നും യുപി എസ്സി പറഞ്ഞു.സ്വകാര്യ കാറില്‍ അനധികൃതമായി ‘മഹാരാഷ്ട്രസര്‍ക്കാര്‍’ എന്ന ബോര്‍ഡും ബീക്കണ്‍ ലെറ്റും സ്ഥാപിച്ച് നേരത്തേ അവര്‍ വിവാദത്തിലായിരുന്നു.