വടകര :കലാശക്കൊട്ടിനിടെ വടകരയിലെ എൽഡിഎഫ് സ്ഥാനാർഥി കെ.കെ. ശൈലജയ്ക്കെതിരെ അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചെന്നാരോപിച്ച് യുഡിഎഫ് നേതാക്കൾക്കെതിരെ എൽഡിഎഫ് തിരഞ്ഞെടുപ്പു കമ്മിഷനും ജില്ലാ കലക്ടർക്കും പരാതി നൽകി. എൽഡിഎഫ് വടകര മണ്ഡലം സെക്രട്ടറി വത്സൻ പനോളിയാണ് പരാതി നൽകിയത്.
വടകര അഞ്ചുവിളക്കിനു സമീപം നടന്ന കലാശക്കൊട്ടിനിടെയാണ് അധിക്ഷേപകരമായ മുദ്രാവാക്യം വിളിച്ചതെന്ന് പരാതിയിൽ പറയുന്നു. വടകരയിൽ പ്രചാരണത്തിന്റെ തുടക്കം മുതൽ ശൈലജയെ വ്യക്തിഹത്യ ചെയ്യുകയും അവഹേളിക്കുകയുമാണ് യുഡിഎഫ് ചെയ്യുന്നതെന്നും സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തിൽ പോസ്റ്ററുകളും വ്യാജ വിഡിയോകളും പ്രചരിപ്പിക്കുന്നെന്നും യുഡിഎഫ് സ്ഥാനാർഥിയുടെ അറിവോടെയാണ് അധിക്ഷേപമെന്നും പരാതിയിൽ പറയുന്നു.