സിപിഎം ഏറെ പ്രതീക്ഷയോടെ മന്ത്രിസഭയിലേക്ക് കൊണ്ടുവന്ന ആളാണ് ആരോഗ്യമന്ത്രി വീണ ജോർജ്. ദീർഘകാലത്തോളം മാധ്യമപ്രവർത്തനത്തിൽ സജീവമായിരുന്ന വീണ ആറന്മുളയിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് കെ ശിവദാസൻ നായരെ പരാജയപ്പെടുത്തിയായിരുന്നു നിയമസഭയിലേക്ക് എത്തിയത്. 2016 മുതൽ വീണാ ജോർജ് ആണ് ആറന്മുളയെ പ്രതിനിധീകരിക്കുന്നത്. 1957 രൂപീകരിക്കപ്പെട്ട മണ്ഡലം ദീർഘകാലം കോൺഗ്രസിനും യുഡിഎഫിനും ഒപ്പമായിരുന്നു. 1996ൽ കടമ്മനിട്ട രാമകൃഷ്ണനിലൂടെ സിപിഎം മണ്ഡലത്തിൽ വിജയം നേടുകയായിരുന്നു. പിന്നീട് കോൺഗ്രസും സിപിഎമ്മും മാറിമാറി മണ്ഡലത്തിൽ വിജയിച്ചു വന്നു. 2016ൽ വിജയിച്ച വീണ 2021ലും തന്റെ വിജയം വീണ്ടും ആവർത്തിച്ചു.മാധ്യമ പ്രവർത്തകയായിരുന്ന വീണാ ജോർജിൻ്റെ വാക്ചാതുര്യത്തിന് മുൻപിൽ ആറന്മുള വീണ്ടും ഇടത്തേക്ക് ചായുകയായിരുന്നു. ശബരിമല സ്ത്രീ പ്രവേശന വിഷയത്തിന് ശേഷം മാറിയ പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമായിരുന്നു ബിജെപി കഴിഞ്ഞതവണ നടത്തിയത്.
എന്നാൽ അത് ഗുണം ചെയ്തില്ല. കോൺഗ്രസും ശബരിമല ഉയർത്തിക്കാട്ടാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മണ്ഡലത്തിലെ പ്രധാന്യമുള്ള ക്രെെസ്തവ വോട്ടുകൾ ഒപ്പം നിർത്താനായതാണ് വീണയുടെ വിജയത്തിന്റെ തിളക്കം കൂട്ടിയത്. തിളക്കത്തോടെയുള്ള വിജയം മന്ത്രിസഭയിൽ അവർക്ക് ഇടവുമൊരുക്കി. ഒന്നാം പിണറായി മന്ത്രിസഭയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന പ്രശംസയേറ്റു വാങ്ങിയ കെ കെ ശൈലജയുടെ പിൻഗാമിയായാണ് ആറന്മുള എംഎല്‍എ വീണാ ജോർജ് ആരോഗ്യ, ഭക്ഷ്യവകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയാകുന്നത്. രണ്ടാമതൊരു അവസരം ലഭിക്കാത്തതിന്റെ നീരസം പാർട്ടിക്കുള്ളിലെ ചിലർ പരസ്യമായി തന്നെ പ്രകടിപ്പിക്കുന്നതിനിടെയാണ് വീണാ ജോർജിന് ചുമതല ലഭിച്ചത്. എന്നാൽ മന്ത്രിക്കസേരയിൽ ഒരു വർഷം പൂർത്തിയായപ്പോൾ മറ്റൊരു മന്ത്രിക്കുമില്ലാത്തതരം വിവാദങ്ങളാണ് വീണാ ജോർജിന് പിന്നാലെ ഉയർന്നത്. മന്ത്രി വീണക്കെതിരെ പ്രധാനമായും ഉയർന്ന ആരോപണങ്ങളില്‍ ഒന്നായിരുന്നു ആരെങ്കിലും വിളിച്ചാൽ ഫോണ്‍ എടുക്കുന്നില്ലെന്നത്. ജില്ലാ സെക്രട്ടറി മുതൽ ബ്രാഞ്ച് സെക്രട്ടറി വരെയുള്ളവർ വിളിച്ചാൽ എടുക്കാത്ത എംഎൽഎയെന്ന് മുമ്പ് പറഞ്ഞ് തുടങ്ങിയത് ഇപ്പോൾ മന്ത്രി എടുക്കുന്നില്ലെന്ന് മാറ്റമേയുളളുവെന്നാണ് പാര്‍ട്ടിയിലെ അടക്കംപറച്ചിൽ. ഇതു ശക്തമായത് കായംകുളം എംഎല്‍എ യു. പ്രതിഭയുടെ പരസ്യ പ്രതികരണത്തോടെയാണ്. ഒരു ‘മന്ത്രി’ എത്ര വിളിച്ചാലും ഫോണ്‍ എടുക്കുന്നില്ലെന്ന് പൊതുവേദിയിൽ യു പ്രതിഭ ആക്ഷേപം ഉന്നയിച്ചതോടെ അത് വീണാ ജോര്‍ജിന് നേരെയുള്ള വിമർശനമാണെന്ന് പലകോണുകളിൽ നിന്നും അഭിപ്രായമുയർന്നു. ഫോണെടുക്കില്ലെന്ന ആരോപണങ്ങൾക്ക് പിന്നാലെ ആരോഗ്യമന്ത്രി വീണാ ജോര്‍ജിനെ പ്രശംസിച്ച് മുൻ ബിജെപി നേതാവ് സന്ദീപ് വാര്യര്‍ രംഗത്ത് വന്നതും ശ്രദ്ധേയമായിരുന്നു.
ഷൊര്‍ണൂരിലെ ഒരു രോഗിയുമായി ബന്ധപ്പെട്ട് വീണാ ജോര്‍ജ് നടത്തിയ ഇടപെടലായിരുന്നു മുൻ ബിജെപി വക്താവിന്റെ പ്രശംസയ്ക്ക് കാരണം. സഹായം തേടി പകല്‍ വിളിച്ചെങ്കിലും വീണാ ജോര്‍ജ് എടുത്തില്ലെന്നും രാത്രി വൈകി തന്നെ ഫോണില്‍ തിരികെ വിളിച്ച് കാര്യം തിരക്കിയെന്നും സന്ദീപ് ഫേസ്ബുക്കില്‍ വ്യക്തമാക്കിയിരുന്നു. ഇത് പാർട്ടിക്കുള്ളിൽ വലിയ തോതിലുള്ള എതിർപ്പുകളിലേക്ക് വഴിവയ്ക്കുന്നതായിരുന്നു. കായംകുളത്തെ പ്രതിഭയുമായി സിപിഎമ്മിനുള്ള തർക്കങ്ങൾ എല്ലാവർക്കും അറിയുന്നതാണല്ലോ. ആറന്മുളയിലും സിപിഎമ്മും വീണയും കായംകുളത്തെ പോലെ അത്ര രസത്തിലല്ല. പാർട്ടിക്കുള്ളിൽ വീണക്കെതിരെ കലാപക്കൊടി ഉയർന്നാലും വീണ തന്നെ അടുത്ത തവണയും ആറന്മുളയിൽ മത്സരിക്കും. അങ്ങനെ വീണ തന്നെ മത്സരിച്ചാൽ ശക്തനായ ഒരു സ്ഥാനാർത്ഥി വേണമെന്ന വിലയിരുത്തലിലാണ് കോൺഗ്രസും യുഡിഎഫ് നേതൃത്വവും. അങ്ങനെ മികച്ച ഒരു സ്ഥാനാർത്ഥിയെ തേടുമ്പോൾ കോൺഗ്രസ് നേതൃത്വത്തിന്റെ പരിഗണനയിൽ ആദ്യം ഉള്ളത് മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ മകൾ അച്ചു ഉമ്മൻ തന്നെയാണ്. ഞാൻ രാഷ്ട്രീയത്തിലേക്ക് ഇല്ലെന്ന് ആവർത്തിച്ച് അച്ചു പറയുമ്പോഴും പാർട്ടി ഒരു നിർണായകമായ അവസ്ഥയിൽ എത്തുമ്പോൾ അച്ചു രാഷ്ട്രീയത്തിലേക്ക് ഇറങ്ങും എന്നതാണ് കോൺഗ്രസ് നേതൃത്വത്തിന്റെ പ്രതീക്ഷ. തന്റെ മക്കൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നതിന് ഉമ്മൻചാണ്ടി എന്നും എതിരായിരുന്നു. ചാണ്ടി ഉമ്മൻ തന്നെ രാഷ്ട്രീയത്തിൽ സജീവമാകുവാൻ പല ആവർത്തി ശ്രമിച്ചപ്പോഴും ഉമ്മൻചാണ്ടിയുടെ ശക്തമായ പിന്തുണയൊന്നും ഇല്ലായിരുന്നു. ഉമ്മൻചാണ്ടിയുടെ മരണശേഷം അച്ചുവിനെ ആയിരുന്നു സ്ഥാനാർത്ഥിയായി പുതുപ്പള്ളിയിൽ ഏറ്റവും അധികം പരിഗണിച്ചിരുന്നത്. എന്നാൽ വീട്ടിൽ നിന്നും ഒരു രാഷ്ട്രീയക്കാരൻ മതിയെന്നും എന്റെ വീട്ടിലെ രാഷ്ട്രീയക്കാരൻ ചാണ്ടി ആണെന്നും ആയിരുന്നു അന്ന് അച്ചു പ്രതികരിച്ചിരുന്നത്. പുതുപ്പള്ളിയിലെ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥാനാർത്ഥിയെക്കാൾ ഏറെ ശ്രദ്ധിക്കപ്പെട്ടത് അച്ചു ഉമ്മൻ തന്നെയായിരുന്നു.
കൃത്യമായ രാഷ്ട്രീയം ഉയർത്തിക്കാട്ടി ചടുലതയോടെയുള്ള സംസാരമായിരുന്നു അച്ചുവിനെ ശ്രദ്ധാകേന്ദ്രമാക്കി മാറ്റിയിരുന്നത്. കോൺഗ്രസിലെ യുവ നേതൃത്വവുമായി അച്ചു വളരെയധികം അടുപ്പത്തിലാണ്. വടകരയിൽ ഷാഫി പറമ്പിൽ മത്സരിച്ചപ്പോൾ കേരളത്തിലെ അച്ചു തിരക്കുകൾ മാറ്റിവെച്ച് ഓടിയെത്തിയിരുന്നു. കോൺഗ്രസ് രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിക്ക് ആളുകളെ കൂട്ടുവാനുള്ള അതേ കഴിവ് മകളായ അച്ചുവിനും ഉണ്ടെന്ന് പാർട്ടിക്ക് നന്നായി അറിയാം. വെറുതെ എന്തെങ്കിലും പറഞ്ഞുള്ള പ്രതികരണങ്ങൾ അല്ല അച്ചു നടത്താറുള്ളത്. കൃത്യമായ രാഷ്ട്രീയമാണ് അവർ എപ്പോഴും സംസാരിക്കാറുള്ളത്. വ്യാപകമായ സൈബർ അതിക്രമം തനിക്കെതിരെ നടന്നഘട്ടത്തിൽ പോലും ആർജ്ജവത്തോടെ രാഷ്ട്രീയം ഉറക്കെ പറയുവാൻ അച്ചുവിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലെ സ്റ്റാർ ക്യാമ്പയിനർ ആയിരുന്നു അച്ചു ഉമ്മൻ. കേരളത്തിന് പുറത്ത് പ്രവാസലോകത്ത് ജീവിക്കുന്ന അച്ചുവിന് കേരളത്തിലേക്ക് വരുവാൻ താല്പര്യമൊന്നും ഇല്ലെങ്കിലും തന്റെ പിതാവിന്റെ ജീവന്റെ ജീവനായ പ്രസ്ഥാനത്തിന് വേണ്ടി നിലകൊള്ളുവാൻ ആവശ്യപ്പെട്ടാൽ ആ തീരുമാനത്തിനൊപ്പം നിൽക്കുവാനാണ് സാധ്യത. ആറന്മുളയിൽ വീണക്കെതിരെ അച്ചു ഇറങ്ങിയാൽ വലിയ ഭൂരിപക്ഷത്തിൽ വിജയം നേടുവാൻ കഴിയുമെന്ന് കോൺഗ്രസ് കണക്കുകൂട്ടുന്നു. അതിന് ഒട്ടേറെ കാരണങ്ങളുമുണ്ട്. പ്രധാനമായും നഷ്ടപ്പെട്ട ക്രൈസ്തവ വോട്ടുകളെ തിരികെ കൊണ്ടുവരുവാൻ അച്ചുവിന് കഴിയുമെന്നത് തന്നെയാണ്. കാലാകാലങ്ങളായി കോൺഗ്രസിൽ നിന്നും അകന്നുപോയ പാർട്ടി വോട്ടുകളെ അച്ചുവിന് നിഷ്പ്രയാസം സംഘടിപ്പിക്കാൻ കഴിയും. യുവാക്കളുടെ വോട്ടും അച്ചുവിന് തന്നെ കിട്ടും. ഉമ്മൻചാണ്ടിയോടുള്ള ജനങ്ങളുടെ സ്നേഹവും കരുതലും വാത്സല്യവും അച്ചുവിന് വിജയത്തിളക്കത്തിൽ പൊൻതൂവലാകും. അച്ചു ഉമ്മൻ ആറന്മുളയിലേക്ക് വണ്ടി കയറിയാൽ സമാനതകളില്ലാത്ത വിജയമാകും മണ്ഡലത്തിൽ യുഡിഎഫ് നേടുക. ഏറെക്കുറെ ഇത്തരമൊരു തീരുമാനം നേതൃത്വം അച്ചുവുമായി സംസാരിച്ചു തുടങ്ങിയതായാണ് ലഭിക്കുന്ന വിവരം. പരമാവധി മണ്ഡലങ്ങൾ ഏതുവിധേനയും കൈക്കലാക്കുവാനുള്ള കോൺഗ്രസിന്റെ രാഷ്ട്രീയ തീരുമാനമാണ് ആറന്മുളയിൽ അച്ചുവിലേക്ക് സ്ഥാനാർത്ഥിത്വത്തിന് വഴിയൊരുക്കുന്നത്.