ശബരിമല : പതിനെട്ടാം പടിയിൽ ഫോട്ടോഷൂട്ട് നടത്തിയ പൊലീസുകാർക്കെതിരെ നടപടി . ഇവരെ നല്ലനടപ്പിനായി തീവ്രപരിശീലനത്തിന് അയയ്ക്കും. അച്ചടക്കലംഘനം നടത്തിയ 23 പൊലീസുകാരെയാണ് കണ്ണൂർ കെഎപി-നാല് ക്യാമ്പിലേക്ക് നല്ല നടപ്പ് പരിശീലനത്തിനായി അയക്കുന്നത്.
സംഭവത്തിൽ കോടതി ആവശ്യപ്പെട്ട വിശദ റിപ്പോർട്ട് പൊലീസ് നാളെ നൽകും. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ആദ്യ ബാച്ച് ഡ്യൂട്ടി പൂർത്തിയാക്കിയ ഇറങ്ങുന്നതിന് മുമ്പ് പൊലീസുകാർ പതിനെട്ടാം പടിയിൽ നിന്ന് ഫോട്ടോഷൂട്ട് നടത്തിയത്.
പതിനെട്ടാം പടിയില്‍ പിന്തിരിഞ്ഞുനില്ക്കുന്ന ഫോട്ടോയെടുത്തതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം . ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ വലിയ വിമര്‍ശനങ്ങള്‍ക്കിടയാക്കിയിരുന്നു. തുടര്‍ന്ന് ഹൈക്കോടതി ഇടപെട്ട് ഏകോപന ചുമതലയുള്ള എഡിജിപിയോട് വിശദീകരണം തേടി.
ഈ വിഷയത്തിൽ സന്നിധാനം സ്പെഷ്യൽ ഓഫീസർ കെ ഇ ബൈജു റിപ്പോർട്ട് സമർപ്പിച്ചു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ശബരിമലയുടെ ചുമതലയുള്ള എഡിജിപി എസ് ശ്രീജിത്ത് പൊലീസുകാര്‍ക്കെതിരെ നടപടിക്ക് ശുപാർശ ചെയ്തതത്.
നല്ല നടപ്പ് പരിശീലന കാലത്ത് പൊലീസുകാർക്ക് അവധിയടക്കം പരിമിതപ്പെടുത്തും. പൊലീസുകാരുടെ വീഴ്ചക്കെതിരെ ഹൈക്കോടതി രൂക്ഷവിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് അച്ചടക്ക നടപടി. പതിനെട്ടാം പടിയിൽ ഇത്തരം നടപടികൾ അംഗീകരിക്കാൻ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞു.