ചെന്നൈ: നടന് ദില്ലി ഗണേഷ് (80) അന്തരിച്ചു. ചെന്നൈയിലെ രാമപുരം സെന്തമിഴ് നഗറിലെ വസതിയില്‍ ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു മരണം സംഭവിച്ചത്. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് ആയിരുന്നു അന്ത്യം. 400ലധികം സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്.
സ്വഭാവ നടനായും വില്ലന്‍ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച പ്രിയതാരമായിരുന്നു ദില്ലി ഗണേഷ്. തമിഴിന് പുറമെ തെലുങ്ക്, മലയാളം സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
സിനിമയിലെത്തിയശേഷം കെ ബാലചന്ദര്‍ ആണ് ഗണേശന് എന്ന യഥാര്‍ത്ഥ പേര് മാറ്റി ദില്ലി ഗണേശ് എന്ന പേര് നല്‍കിയത്. നായകന്, സത്യാ, അവ്വൈ ഷണ്മുഖി, മൈക്കല്‍ മദന കാമ രാജന്, സാമി, അയന് തുടങ്ങി നിരവധി തമിഴ് സിനിമകളില്‍ വേഷമിട്ടിട്ടുണ്ട്.
കാലാപാനി, കൊച്ചി രാജാവ്, പോക്കിരി രാജ, മനോഹരം തുടങ്ങിയ മലയാള സിനിമകളിലും ദില്ലി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. സംസ്കാരം ഇന്ന് ചെന്നൈയില്‍ നടക്കും.