പ്രയാഗ് രാജിൽ നടക്കുന്ന മഹാകുംഭമേളയിൽ സിനിമാ താരങ്ങൾ പങ്കെടുക്കുന്നതും അവിടെ നിന്നുളള ചിത്രങ്ങൾ പങ്കുവെക്കുന്നതും ഇപ്പോൾ പതിവ് കാഴ്ച്ചയാണ്. ഇപ്പോഴിതാ മഹാകുംഭമേളയിൽ എത്തി സ്നാനം ചെയ്യുന്ന ചിത്രങ്ങൾ പങ്കുവെക്കുകയാണ് മലയാള ചലച്ചിത്ര താരം ജയസൂര്യ.
മഹാസ്നാനത്തിൽ പങ്കെടുത്ത് കുംഭമേളയിൽ പങ്കെടുത്ത കുടുംബസമ്മേതമുളള ചിത്രങ്ങളാണ് താരം പങ്കുവെച്ചിരിക്കുന്നത്. മക്കൾക്കും ഭാര്യയ്ക്കും ഒപ്പം മറ്റ് ബന്ധുക്കളും താരത്തിനൊപ്പം കുംഭമേളയിൽ എത്തിയിരുന്നു.
പോസ്റ്റിന് താഴെ താരത്തിൻ്റെ പുതിയ ചിത്രത്തെക്കുറിച്ചുളള അപ്ഡേറ്റാണ് ആരാധകർ ചോദിക്കുന്നത്. കത്തനാർ, ആട് 3 എന്നീ സിനിമകളെ കുറിച്ചാണ് ചോദ്യങ്ങൾ. ‘സിനിമകളുടെ എന്തെങ്കിലും അപ്ഡേറ്റ് പങ്കുവയ്ക്ക് ജയേട്ടാ’ എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്.
കത്തനാര് ആണ് ജയസൂര്യയുടേതായി റിലീസിന് ഒരുങ്ങുന്ന ചിത്രം. എന്നാല്‍ ഇതെന്നാണെന്ന വിവരം പുറത്തുവന്നിട്ടില്ല. സ്വീക്വലുകള്‍ ഇറക്കി ഏറെ ശ്രദ്ധനേടിയ ആടിന്റെ മൂന്നാം ഭാഗം ആണ് ജയസൂര്യയുടേതായി പ്രഖ്യാപിക്കപ്പെട്ട മറ്റൊരു ചിത്രം. ‘ആട് 3-വണ്‍ ലാസ്റ്റ് റൈഡ്’ എന്നാണ് ചിത്രത്തിന്റെ പേര്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്യുന്ന ചിത്രം ഉടന്‍ ആരംഭിക്കുമെന്നാണ് കരുതപ്പെടുന്നത്.