കൊച്ചി: ലൈംഗികാതിക്രമ കേസിൽ ആരോപണ വിധേയനായ നടൻ നിവിൻ പോളിക്ക് ക്ലീൻ ചിറ്റ്. തന്നെ ബലാത്സംഗം ചെയ്തുവെന്ന് ആരോപിച്ച് കോതമംഗലം സ്വദേശിയായ യുവതി കൊടുത്ത പരാതിയിൽ ആയിരുന്നു കേസെടുത്തിരുന്നത്. കഴിഞ്ഞ വർഷം ദുബായിലെ ഒരു ഹോട്ടലിൽ വച്ച് സിനിമയിൽ അഭിനയിപ്പിക്കാമെന്ന് വാഗ്ദാനം ചെയ്ത് നിവിൻ പോളി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. നിവിനെതിരെ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി അന്വേഷണസംഘം കോതമംഗലം കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അതേസമയം മറ്റ് 6 പേർക്ക് എതിരെയുള്ള അന്വേഷണം തുടരും.
ഹേമകമ്മറ്റി റിപ്പോർട്ടിനെ തുടർന്ന് ഉയർന്നു വന്ന പീഡന പരാതികളുടെ തുടർച്ചയായിട്ടായിരുന്നു നിവിനെതിരെയും ആരോപണം വന്നത്. എന്നാൽ അന്ന് തന്നെ ആരോപണം നിഷേധിച്ച് രംഗത്ത് വന്ന നിവിൻ യുവതി പറഞ്ഞ ദിവസങ്ങളിൽ താൻ ദുബായിൽ ഉണ്ടായിരുന്നില്ലെന്ന് വ്യക്തമാക്കി.
തന്നെ വ്യക്തിപരമായി അധിക്ഷേപിക്കാൻ കെട്ടിച്ചമച്ച വ്യാജ പരാതിയാണ് ഇതെന്നായിരുന്നു നിവിൻ പോളിയുടെ പ്രതികരണം.
യുവതിയുടെ പരാതി സംബന്ധിച്ച് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം അന്വേഷണം നടത്തിയിരുന്നു. എന്നാൽ പരാതിയിൽ പറയുന്ന ദിവസങ്ങളിൽ നിവിൻ പോളി വിദേശത്ത് ആയിരുന്നില്ല എന്നും ചില സിനിമ പരിപാടികളുടെ ഭാഗമായി നാട്ടിലായിരുന്നു എന്നും കണ്ടെത്തി. തുടർന്നാണ് നിവിൻ പോളിയെ മാത്രം പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി ഡിലീഷൻ റിപ്പോർട്ട് അന്വേഷണ സംഘം സമർപ്പിച്ചത്.