കൊച്ചി: ചലച്ചിത്ര നിർമാതാവ് ജി സുരേഷ് കുമാറിനെ രൂക്ഷമായി വിമർശിച്ച് നടൻ വിനായകൻ. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടയൊണ് വിനായകൻ വിമർശനം ഉന്നയിച്ചിരിക്കുന്നത്. താരങ്ങൾ സിനിമ നിർമിക്കുന്നതിന് വിമർശിച്ച് സുരേഷ് കുമാർ ഒരു സ്വകാര്യ ചാനലിന് മുൻപ്
അഭിമുഖം നൽകിയിരുന്നു. ഇതിനെതിരെയാണ് വിനായകൻ പ്രതികരണം നടത്തിയിരിക്കുന്നത്.
‘സിനിമ തന്റെയും തന്റെ കൂടെ നിൽക്കുന്നവരുടെയും കുടുംബ സ്വത്താണോ മേനകാ സുരേഷ് കുമാറേ’ എന്ന് ചോദിച്ചുകൊണ്ടാണ് വിനായകന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. അഭിനേതാക്കൾ സിനിമ നിർമ്മിക്കരുത് എന്ന് ഭാര്യയോടും മകളോടും പറഞ്ഞാൽ മതിയെന്നും, താൻ ഒരു സിനിമ നടനാണ്, സിനിമ നിർമിക്കുകയും സംവിധാനം ചെയ്യുകയും, വിതരണം ചെയ്യുകയും പ്രദർശിപ്പിക്കുകയും ചെയ്യുമെന്നും ഇത് ഇന്ത്യ ആണെന്നും വിനായകൻ ഫേസ്ബുക്കിൽ കുറിച്ചു. ജയ്ഹിന്ദ് പറഞ്ഞുകൊണ്ടാണ് നടൻ കുറിപ്പ് അവസാനിപ്പിക്കുന്നത്.
നിർമാതാവിന് ഒരു രീതിയിലും സിനിമ എടുക്കാൻ സാധിക്കാത്ത സാഹചര്യത്തിലൂടെയാണ് മലയാളം സിനിമ കടന്നു പോകുന്നതെന്നും ഇതിലെ ഏറ്റവും പ്രധാന പ്രശ്നം നടീനടന്മാരുടെ പ്രതിഫലമാണെന്നും സുരേഷ് കുമാർ പ്രതികരിച്ചിരുന്നു. അവർ പ്രതിഫലം കുറയ്ക്കാതെ മുന്നോട്ട് പോകാൻ ഇനി സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.