ന്യൂഡൽഹി : സെപ്റ്റംബർ 6ന് രാജ്യത്തുടനീളമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്ന ചിത്രം എമർജൻസിക്ക് സെൻസർ ബോർഡ് സർട്ടിഫിക്കറ്റ് ലഭിച്ചതായി നടിയും ബി.ജെ.പി എം.പിയുമായ കങ്കണ റണാവത്ത്. റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കുമെന്നും കങ്കണ അറിയിച്ചു.
ചിത്രം സമൂഹത്തെ തെറ്റായി ചിത്രീകരിക്കുന്നുവെന്നും ചരിത്രപരമായ വസ്തുതകൾ തെറ്റിദ്ധരിപ്പിച്ചുവെന്നുമുള്ള ആരോപണത്തിന് പിന്നാലെ സെൻസർ ബോർഡിൽ നിന്ന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ലഭിക്കാത്തതിനാൽ റിലീസ് തീയതി മാറ്റിവെയ്ക്കുകയായിരുന്നു. ചിത്രത്തിൽ സിഖ് സമുദായത്തെ അധിക്ഷേപിക്കുന്നുണ്ടെന്ന് ചൂണ്ടിക്കാണിച്ചാണ് വിവിധ സംഘടനകൾ കോടതിയെ സമീപിച്ചത്.
ആവശ്യമായ കട്ടുകൾ വരുത്തി സിനിമ വീണ്ടും സെൻസർ ബോർഡിന് സമർപ്പിക്കാൻ തയാറാണെന്ന് നിർമാതാക്കൾ അറിയിച്ചിരുന്നു. കട്ടുകൾ വരുത്തി സിനിമ സമർപ്പിച്ചാൽ രണ്ടാഴ്ചക്കുള്ളിൽ അതിന് സർട്ടിഫിക്കറ്റ് നൽകുമെന്ന് സെൻസർബോർഡും കോടതിയെ അറിയിച്ചിരുന്നു.
സീ സ്റ്റുഡിയോസും മണികര്‍ണിക ഫിലിംസും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. അനുപം ഖേര്‍, മഹിമ ചൗധരി, മിലിന്ദ് സോമന്, മലയാളി താരം വിശാഖ് നായര്‍, അന്തരിച്ച നടന് സതീഷ് കൗശിക് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിതേഷ് ഷാ തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്ന ചിത്രത്തിൻ്റെ സംഗീതം സഞ്ചിത് ബൽഹാരയാണ്.