അദാനി ഓഹരികളുടെ തകര്‍ച്ചയില്‍ ലൈഫ് ഇന്‍ഷുറന്‍സ് കോര്പറേഷന് ഓഫ് ഇന്ത്യക്ക് നഷ്ടമായത് 12,000 കോടിയോളം രൂപ. 250 മില്യണ്‍ ഡോളറിന്റെ അഴിമതി ആരോപണത്തെ തുടര്‍ന്ന് അദാനി ഗ്രൂപ്പ് ഓഹരികള്‍ 20 ശതമാനംവരെ ഇടിവ് നേരിട്ടിരുന്നു. ഈ തിരിച്ചടിയിലാണ് ഇത്രയും മൂല്യമിടിവ് ഉണ്ടായതും രാജ്യത്തെ വന്‍കിട നിക്ഷേപ സ്ഥാപനങ്ങളിലൊന്നായ എല്‍ ഐ സിക്ക് ഇത്രയും നഷ്ടമുണ്ടായതും.
നിലവിലെ കണക്കുകൾ പ്രകാരം അദാനി ഗ്രൂപ്പിലെ ഏഴ് കമ്പനികളിലാണ് എല്‍ഐസിക്ക് നിക്ഷേപമുള്ളത്. അദാനി എന്റര്‍പ്രൈസസ്, അദാനി പോര്‍ട്സ്, അദാനി ഗ്രീന്‍ എനര്‍ജി, അദാനി എനര്‍ജി സൊലൂഷന്‍സ്, അദാനി ടോട്ടല്‍ ഗ്യാസ്, എസിസി, അംബുജ സിമെന്റ്സ് എന്നിവയാണവ.
ഈ കമ്പനികളിലെ മൊത്തം നിക്ഷേപ മൂല്യത്തില്‍ വ്യാഴാഴ്ച ഉച്ചയോടെ 11,278 കോടി രൂപയുടെ ഇടിവുണ്ടായി. അദാനി പോര്‍ട്സിലെ നിക്ഷേപത്തിലാണ് കൂടുതല്‍ ഇടിവുണ്ടായത്. യു.എസിലെ കൈക്കൂലി-തട്ടിപ്പ് കേസിലെ കുറ്റാരോപണത്തെ തുടര്‍ന്ന് അദാനി എനര്‍ജി സൊലൂഷന്‍സിന്റെ ഓഹരി വില 20 ശതമാനമെന്ന ലോവര്‍ സര്‍ക്യൂട് ഭേദിച്ച് 697 നിലവാരത്തിലെത്തി. അദാനി എന്റര്‍പ്രൈസസിന്റെയും അദാനി പോര്‍ട്സിന്റെയും ഓഹരി വില യഥാക്രമം 19 ശതമാനവും 15 ശതമാനവും താഴ്ന്നു. ഗ്രൂപ്പിലെ മറ്റ് ഓഹരികളുടെ വില 10 ശതമാനംവരെ ഇടിയുകയും ചെയ്തു.