കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിനെതിരായ കൈക്കൂലി ആരോപണം വ്യാജം. മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതി വ്യാജമാണെന്നത് ശരിവെക്കുന്ന തരത്തിലുള്ള തെളിവാണ് പുറത്തുവന്നത്. പെട്രോള്‍ പമ്പിനായുള്ള എന്‍ഒസി ഫയലിലെ പ്രശാന്തന്റെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണെന്ന് കണ്ടെത്തല്‍.
എന്‍ഒസി ഫയലിലെ ഒപ്പും പാട്ടക്കരാറിലെ ഒപ്പും സമാനമാണ്. എന്നാല്‍, എന്‍ഒസിയിലെ ഒപ്പും പരാതിയിലെ ഒപ്പും വ്യത്യസ്തമാണ്. ഇതിനുപുറമെ എന്‍ഒസി ഫയലില്‍ ടിവി പ്രശാന്ത് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. കൈക്കൂലി ആരോപണത്തില്‍ മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയപ്പെടുന്ന പരാതിയില്‍ പ്രശാന്തന് ടിവി എന്നുമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം നവീന്‍ ബാബുവിന്റെ മരണം ആത്മഹത്യ തന്നെയെന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് . നവീന്‍ ബാബുവിന്റെ ശരീരത്തില്‍ മുറിവുകളോ മറ്റ് പാടുകളോ ഇല്ലെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കഴുത്തില്‍ കയര്‍ മുറുകിയാണ് മരണം സംഭവിച്ചതെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ടിലുണ്ട്.