ബോബി ചെമ്മണ്ണൂരിന്റെ അറസ്റ്റോടെ സാമൂഹ്യ മാധ്യമങ്ങൾ ഉപയോഗിച്ചുള്ള സ്ത്രീകൾക്കെതിരായ അധിക്ഷേപങ്ങളും അതിനെതിരായ നിയമനടപടികളും വീണ്ടും ചർച്ചയായിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന അധിക്ഷേപങ്ങൾ തളർത്തുകയും തകർക്കുകയും ചെയ്ത ഒട്ടേറെ ജീവിതങ്ങളുണ്ട്. സാമൂഹ്യ മാധ്യമങ്ങളിൽ അധിക്ഷേപ കമന്റുകൾ രേഖപ്പെടുത്തുന്നത് പോലും കുറ്റകരമാണ്.
പരാതിയില്ലെങ്കിലും ഇത്തരക്കാർക്കെതിരെ കേസെടുക്കാൻ പൊലീസിന് കഴിയും. ലൈംഗിക അധിക്ഷേപമുള്ള കമന്റിട്ടാലോ കുറിപ്പുകൾ ഉണ്ടെങ്കിലോ മൂന്നുവർഷം തടവുശിക്ഷ കിട്ടാവുന്ന ജാമ്യമില്ലാ കുറ്റംചുമത്തി കേസെടുക്കാവുന്നതാണ്. മറ്റാരുടെയെങ്കിലും കുറിപ്പിനോ ചിത്രത്തിനോ കമന്റ് ചെയ്യുന്നതും ഈ വകുപ്പിൽപ്പെടും. അധിക്ഷേപത്തിന്റെയും ഭീഷണികളുടെയും വെർബൽ റേപ്പുകളുടെയും വിഷം നിർത്താതെ ചീറ്റിയെറിയുകയാണ് നമ്മുടെ സൈബറിടങ്ങൾ പലപ്പോഴും. കുട്ടികളെന്നോ മുതിർന്നവരെന്നോ വ്യത്യസമില്ലാതെ, കേട്ടാലറക്കുന്ന ഭാഷയിൽ കമന്റുകൾ ചെയ്യാനും, അധിക്ഷേപ വർഷം ചൊരിഞ്ഞു കൊണ്ടുള്ള പോസ്റ്റുകൾ പ്രചരിപ്പിക്കാനും, ഇൻബോക്സുകളിൽ ചോദ്യം ചെയ്യാനും, കുറ്റപ്പെടുത്താനും, തെറിവിളികൾ മുഴക്കാനും ആളുകൾ തയാറാവുന്നു എന്നതാണ് വിർച്വൽ ലോകത്തെ സംബന്ധിച്ച ഭീകരത. മനുഷ്യനെ മരണത്തിലേക്ക് തള്ളിവിടാൻ പാകത്തിനുള്ളതാണ് ഈ ‘സൈബർ ബുള്ളിയിങ്’ നൽകുന്ന മാനസികാഘാതം.
സ്ത്രീകളുടെ നല്ല നടപ്പും ശുദ്ധിയും ഒക്കെ പരിശോധിക്കാൻ സൈബറിടത്തെ മനുഷ്യർക്ക് വലിയ ഉത്സാഹമാണ്. എത്ര ഉയരത്തിൽ എത്തിയാലും എത്ര വലിയ നേട്ടങ്ങൾ കൈവരിച്ചാലും സ്വപനങ്ങൾക്ക് പിറകെ പായുമ്പോഴും ഈ സ്ത്രീകൾ സമൂഹത്തിന്റെ ഓഡിറ്റിങ്ങിന് വിധേയമാകുന്നു. പേരില്ലാത്ത മുഖമില്ലാത്ത മനുഷ്യരുടെ സദാചാര കണ്ണുകളിലൂടെ അവർ സദാ വിലയിരുത്തപ്പെടുന്നു. അവരുടെ പ്രതീക്ഷകൾക്ക് ഒത്തുയരാത്ത സ്ത്രീകളെ ‘പോക്ക് കേസ്’ എന്ന് വിലയിരുത്താനും പോസ്റ്റുകളും കമന്റുകളും പങ്കുവെക്കാനും പിന്നെ ധൃതിയാകുന്നു. വ്യക്തികളുടെ സ്വകാര്യ ജീവിതത്തിലേക്ക് ഇടിച്ച് കേറുന്നതിലും അഭിപ്രായങ്ങൾ പറയുന്നതിലും, അവരുടെ വ്യക്തി താല്പര്യങ്ങളെ അധിക്ഷേപിക്കുന്നതിലും യാതൊരു തരത്തിലുള്ള അപാകതയും ഇത്തരക്കാർ കാണുന്നില്ല എന്നതും ശ്രദ്ധേയമാണ്.
ഒരാളുടെ വസ്ത്രങ്ങളുടെ തിരഞ്ഞെടുപ്പോ നിലപാടുകളോ വിവാഹമോ വിവാഹമോചനമോ പ്രണയമോ കുടുംബകാര്യമോ, നമ്മുടെ കാര്യമാവുകയും അതിൽ നമുക്ക് ഇടപെടാമെന്ന നില വരികയും ചെയ്യുന്നത് എപ്പോഴാണ്. മറ്റുള്ളവരുടെ കാര്യങ്ങൾ അറിയാനുള്ള മനുഷ്യന്റെ വ്യഗ്രതയിൽ നിന്നാണ് ഈ നിലയും വരുന്നത്. ഒരു കാലത്ത് രാഷ്ട്രീയ പാർട്ടിയുടെ പ്രവർത്തകർ അവരുടെ വീറും വാശിയും തീർത്തത് മുദ്രാവാക്യങ്ങളിലായിരുന്നു. എതിർപാർട്ടിക്കാരനെ നേരിടാൻ അവർ അടുത്ത തെരുവ് പ്രകടനത്തിനായി കാത്തിരുന്നു. കിട്ടുന്ന ആദ്യത്തെ അവസരത്തിൽ വീറും വാശിയുമെല്ലാം സംസ്കാരലേശമുള്ളവർ ഉപയോഗിക്കാൻ മടിക്കുന്ന പദങ്ങൾ കോർത്ത മുദ്രാവാക്യങ്ങളിൽ അവർ തീർത്തു. അടുത്ത പ്രകടനം വരട്ടെ, കാണിച്ചുതരാം എന്ന് ഈ ഗണത്തിൽ പെട്ടവർ അങ്ങാടികളിൽ അന്യോന്യം വീമ്പു പറഞ്ഞ് വാശി തീർത്തു. മുദ്രാവാക്യങ്ങളുടെ സ്ഥാനം ഇന്ന് സൈബർ ഇടങ്ങളിലെ കുറിപ്പുകൾക്കും ചിത്രങ്ങൾക്കും വഴിമാറിയിരിക്കുന്നു. മുദ്രാവാക്യങ്ങൾ അന്തരീക്ഷത്തിൽ കിടന്ന് പിന്നെ, പിന്നെ മാഞ്ഞു പോകും. സൈബർ ഇടം അങ്ങനെയല്ല. അവ കാലാകാലം നിലനിൽക്കും. പാലക്കാടും തൃക്കാക്കരയിലും പുതുപ്പള്ളിയിലുമെല്ലം വിജയവും തോൽവിയും തീരുമാനിച്ചതിൽ സൈബർ ഇടത്തിനും ചാനൽ സാന്നിധ്യങ്ങൾക്കുമുള്ള പങ്ക് പാർട്ടികൾ വിലയിരുത്താതിരിക്കില്ല. അതിനനുസരിച്ചുള്ള മാറ്റം പ്രതീക്ഷിക്കാം.
സമൂഹത്തിന്റെ ഉയർച്ച കാഴ്ചകളിൽ നിലകൊള്ളുന്ന എല്ലാവരും സൈബർ അതിക്രമങ്ങൾക്ക് ഇരയായിട്ടുണ്ട്. വളരെ സാധാരണക്കാർ വലിയതോതിൽ സൈബർ അധിക്ഷേപങ്ങൾക്ക് ഇരയാകുമ്പോൾ യാതൊരു നടപടികളും ഉണ്ടാകാറില്ല എന്ന് മാത്രമല്ല, അവരെ പൊതു സമൂഹത്തിലേക്ക് കോമാളികളായി ഇട്ടു നൽകുന്ന സമീപനവും ഉണ്ട്. അഭിപ്രായ സ്വാതന്ത്ര്യത്തിനുള്ള സാധ്യതകൾ അധിക്ഷേപങ്ങൾക്കുള്ള അവസരമായാണ് പലരും ഉപയോഗപ്പെടുത്തുന്നത്.
ഇവിടെ ബോബി ചെമ്മണ്ണൂരിനെതിരായ പരാതി സാമൂഹ്യ മാധ്യമങ്ങളെ അധിക്ഷേപത്തിനുള്ള ഇടമാക്കുന്ന എല്ലാവർക്കുമുള്ള താക്കീതാണ്. ഇതിനെ പൊതുസമൂഹം കൃത്യമായി ഉൾക്കൊള്ളുകയും അതിനനുസരിച്ച് മാറുകയും ചെയ്യേണ്ടതുണ്ട്. അതുപോലെതന്നെ ഭരണസംവിധാനങ്ങളും നീതിന്യായ വ്യവസ്ഥകളും ഒരു വ്യക്തിയെ മാനസികമായും അല്ലാതെയും ഇല്ലാതാക്കുന്ന സൈബർ അധിക്ഷേപങ്ങൾക്കെതിരെ കൂടുതൽ ഉറച്ച പോരാട്ടം നയിക്കേണ്ടതുണ്ട്. സൈബർ ഇടത്തെ വാക്കും വരികളുമെല്ലാം പ്രബുദ്ധ കേരളം ഇഴകീറി പരിശോധിക്കേണ്ടത് അനിവാര്യതയാണ്.