ന്യൂഡൽഹി: രണ്ടു ദിവസത്തെ കുവൈത്ത് സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലേക്ക് പുറപ്പെട്ടു. നാലുപതിറ്റാണ്ടിനു ശേഷം ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈത്തിലെത്തുന്നത്. വാണിജ്യ പ്രതിരോധമേഖലകളിലെ ഇരുരാജ്യങ്ങളുടെയും പങ്കാളിത്തം ചർച്ച ചെയ്യും. 1981ൽ പ്രധാനമന്ത്രിയായിരുന്ന കാലത്ത് ഇന്ദിരാഗാന്ധിയാണ് മുൻപ് കുവൈത്ത് സന്ദർശിച്ചത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈത്തിലെ ലേബർ ക്യാംപ് സന്ദർശിക്കും. ഇന്ത്യയിൽനിന്നുള്ള തൊഴിലാളികളുടെ ക്ഷേമം ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ചയാകും. 10 ലക്ഷത്തിലേറെ ഇന്ത്യക്കാർ കുവൈത്തിലുണ്ട്. വാണിജ്യ–വ്യാപാര രംഗത്ത് കുവൈത്തും ഇന്ത്യയും തമ്മിൽ ഏറെ ശക്തമായ ബന്ധമുണ്ട്. കേന്ദ്ര വാണിജ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 1047 കോടി ഡോളറിന്റെ ഇടപാടുകളാണു കഴിഞ്ഞ സാമ്പത്തിക വർഷം ഇന്ത്യയും കുവൈത്തുമായി ഉണ്ടായത്.