കണ്ണൂരിലെ എഡിഎം നവീൻ ബാബുവിന്റെ മരണം കേരള ജനതയാകെ ചർച്ച ചെയ്ത ഒന്നാണ്. മരണത്തിലേക്ക് തള്ളിവിട്ട ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യയെ ഒരു ഘട്ടം വരെ സിപിഎം സംരക്ഷിച്ചുവെങ്കിലും ജനരോക്ഷം ശക്തമായതോടെ പാർട്ടി താത്കാലികമായെങ്കിലും തള്ളുകയായിരുന്നു. ഇപ്പോഴിതാ തന്റെ ജീവന്റെ പാതിയായിരുന്ന ഭർത്താവിനെ മരണത്തിലേക്ക് തള്ളിവിട്ടവർക്കെതിരെ പോരാട്ടത്തിന് ഒരുങ്ങുകയാണ് നവീൻ ബാബുവിന്റെ ഭാര്യ. ജീവിതകാലം മുഴുവൻ തന്റെ ഭർത്താവിനെ ഇല്ലായ്മ ചെയ്തവർക്കെതിരെ നിരന്തര രാഷ്ട്രീയ പോരാട്ടങ്ങൾക്കാണ് മഞ്ജുഷ തയ്യാറെടുക്കുന്നത്. അതിനായി കോൺഗ്രസിലേക്കോ മാണി സി കാപ്പൻ എംഎൽഎ നേതൃത്വം നൽകുന്ന കേരള ഡെമോക്രാറ്റിക് പാർട്ടിയിലേക്കോ (കെഡിപി) അവർ ചേരുന്നതിനുള്ള സാധ്യതകൾ ആണ് ഉയർന്നുവരുന്നത്. ഇതുമായി ബന്ധപ്പെട്ട ആശയവിനിമയം കെഡിപി നേതാക്കളുമായി ആരംഭിച്ചെന്നും പറഞ്ഞുകേൾക്കുന്നുണ്ട്.
ദിവസങ്ങൾക്ക് മുമ്പാണ് കെഡിപിയുടെ വനിതാ സംഘടനയായ കേരള ഡെമോക്രാറ്റിക് വനിത ഫോറത്തിന്റെ സംസ്ഥാന പ്രസിഡന്റ് അഡ്വ. സുജാലക്ഷ്മിയുടെ നേതൃത്വത്തിലുള്ള നേതാക്കൾ നവീൻ ബാബുവിന്റെ വീട് സന്ദർശിച്ചത്. ഇതിനിടയിൽ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച കാര്യങ്ങൾ ചർച്ച ചെയ്തതാണ് സൂചന. മാണി സി കാപ്പൻ എംഎൽഎയും നിലവിൽ വിദേശത്തുള്ള സംസ്ഥാന പ്രസിഡന്റ് കെ ജെ ജോസ്മോനും ഇവരുമായി തുടർചർച്ചകൾ ആരംഭിച്ചെന്നും വിവരമുണ്ട്. കെഡിപി വഴിയാണെങ്കിലും യുഡിഎഫ് മുന്നണിയിലേക്ക് നവീൻ ബാബുവിന്റെ ഭാര്യ കടന്നുവരുന്നതിനെ കോൺഗ്രസും സ്വാഗതം ചെയ്യുന്നുണ്ട്. കെ കെ രമ എംഎൽഎയുടെ ആർഎംപിയിലേക്കും മഞ്ജുഷ ചേരുന്നതിനുള്ള സാധ്യതകളും പലരും ചൂണ്ടിക്കാട്ടുന്നുണ്ട്. ആർഎംപിയിൽ രമയ്ക്ക് പുറമെ മറ്റ് മുഖങ്ങളില്ല. വടകരയിൽ മാത്രം ഒതുങ്ങിനിൽക്കുന്ന ഒരു പ്രാദേശിക പാർട്ടിയിൽ നിന്നും ആർഎംപി ഉയരുന്നതിലേക്കുള്ള പാതകളിൽ മഞ്ജുഷയുടെ പ്രവേശനം ഗുണകരമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകർ പറയുന്നു.

കെ കെ രമ എംഎൽഎയുമായി ഫോണിലൂടെ അവർ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വിഷയങ്ങൾ സംസാരിച്ചതായും അറിയുന്നു. ഇടതുപക്ഷ അനുഭാവം വെച്ചുപുലർത്തുന്ന കുടുംബങ്ങൾ തന്നെയായിരുന്നു നവീൻ ബാബുവിന്റെയും ഭാര്യയുടെയും. തങ്ങൾ വിശ്വസിക്കുന്ന പ്രത്യയശാസ്ത്രം തന്നെ ഭർത്താവിന്റെ ജീവൻ എടുത്തതിൽ ഭാര്യ മഞ്ജുഷയ്ക്ക് കടുത്ത അമർഷമുണ്ട്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരും നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടവർക്കൊപ്പം നിലകൊണ്ടൊന്നും ഭാര്യ പല ആവർത്തി പറഞ്ഞിരുന്നു.
വർഷങ്ങൾക്കു മുമ്പ് ടിപിയെ കൊന്നതിലൂടെ ടിപിയെക്കാൾ കരുത്തുള്ള കെ കെ രമയെ ആയിരുന്നു സിപിഎമ്മിന് പിന്നീട് നേരിടേണ്ടി വന്നത്. നിയമസഭയിലും പുറത്തും മുഖ്യമന്ത്രി പിണറായി വിജയനെയും സിപിഎം നേതാക്കളെയും നേർക്കുനേർ രമ നേരിട്ടു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിലും വടകരയിലെ ഷാഫി പറമ്പിലിന്റെ വിജയത്തിന് ചുക്കാൻ പിടിച്ചതും സാക്ഷാൽ രമ തന്നെ. പെരിയ ഇരട്ടക്കൊലപാതകത്തിലും വിധി വന്നതിനു തൊട്ടുപിന്നാലെ സിപിഎമ്മിനെ ഏറ്റവും അധികം ആക്രമിച്ച് രംഗത്തെത്തിയതും രമയായിരുന്നു. ടിപി വധത്തിലൂടെ വടകരയിൽ നിന്നും സിപിഎം അന്യമാകുകയും കേരളമാകെ അതിന്റെ അലയടികൾ സിപിഎമ്മിന് ആഴത്തിൽ ബാധിക്കുകയും ചെയ്തതാണ്.

നിയമസഭയ്ക്കുള്ളിൽ പ്രതിപക്ഷ പോരാട്ടങ്ങളുടെ വനിതാ മുഖം ആണ് കെ കെ രമ ഇന്ന്. അതേ രീതിയിൽ നാളെ നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷയും ഇടതു സർക്കാരിന്റെയും സിപിഎമ്മിന്റെയും കണ്ണിലെ കരടായി മാറും എന്നതിൽ സംശയമില്ല. അത്രമേൽ തീ അവരുടെ കണ്ണിലും മനസ്സിലും സിപിഎമ്മിനും ഈ സർക്കാരിനും എതിരെ ഉണ്ട്. അത്തരമൊരു സാഹചര്യത്തിലാണ് മാണി സി കാപ്പന്റെ കെഡിപി അവർക്ക് രാഷ്ട്രീയ അഭയം നൽകുന്നത്. ഇതിനിടെ പെമ്പിളെ ഒരുമ നേതാവായിരുന്ന ഗോമതി കെഡിപിയിലേക്ക് ചേരുന്നതിൽ പ്രഖ്യാപനം നടത്തിയിരുന്നു. ഗോമതിയുടെ മുഖ്യധാരാ രാഷ്ട്രീയ പ്രവേശനം കെഡിപിക്ക് ഊർജ്ജം നൽകുന്നതിനിടയിലാണ് മഞ്ജുഷയുടെ എൻട്രി. ഭരണകൂട അധിനിവേശങ്ങൾക്കെതിരെ നിരന്തര പോരാട്ടങ്ങൾ നയിച്ച സമരമുഖമായിരുന്നു ഗോമതി. മഞ്ജുഷ ആകട്ടെ, സ്വന്തം ഭർത്താവിന്റെ വേർപാടിന് വഴിയൊരുകിയവർക്കെതിരെയുള്ള പോരാട്ടവീഥിയിലും.
നവീൻ ബാബു കൊല്ലപ്പെട്ട സംഭവത്തിൽ തുടർ നിയമ- രാഷ്ട്രീയ പോരാട്ടങ്ങൾക്ക് കെഡിപി ശക്തമായ പിന്തുണ നൽകുമെന്നും അറിയുന്നു. നവീൻ ബാബുവിന്റെ മരണത്തിൽ ഭാര്യ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. കേസിൽ അന്വേഷണം കണ്ണൂർ റേഞ്ച് ഡിഐജി മേൽനോട്ടം വഹിക്കണമെന്ന നിർദ്ദേശം ജഡ്ജി നൽകിയിട്ടുണ്ട്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലുകൾ ഡിഐജിയ്ക്ക് കൈമാറണമെന്നും പരാതിക്കാരിയെ അതാത് സമയങ്ങളിൽ അറിയിക്കണമെന്നും കോടതി നിരീക്ഷിച്ചു.

പരാതിക്കാരി ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ ഗുരുതരമാണ്. അതിനാൽ പരാതിയിൽ കൃത്യമായ അന്വേഷണം വേണമെന്നും ഹർജിയിൽ പറഞ്ഞിരിക്കുന്ന ആരോപണങ്ങൾ എസ്ഐടി അന്വേഷിക്കണം കോടതി നിർദ്ദേശം നൽകി. കൊന്ന് കെട്ടിത്തൂക്കിയതാണോയെന്നും എസ്ഐടി പരിശോധിക്കണം. അന്വേഷണത്തിന് ശേഷം ഡ്രാഫ്റ്റ് ഫൈനൽ റിപ്പാർട്ട് ഡിഐജിക്ക് മുമ്പിൽ അപ്രൂവലിനായി നൽകണമെന്നും ജസ്റ്റിസ് കൗസര് എടപ്പഗം വിധിപ്രസ്താവത്തിൽ പറഞ്ഞിരുന്നു. മഞ്ജുഷയുടെ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി തള്ളിയെങ്കിലും അന്വേഷണത്തിൽ കാര്യമായി തന്നെ കോടതിയുടെ ഇടപെടൽ ഉണ്ടായിരിക്കുകയാണ്. തന്റെ രാഷ്ട്രീയ പ്രവേശനത്തിന് ഒപ്പം തന്നെ നിയമനടപടികളിലും അപ്പീലുകളുമായി മുന്നോട്ടു പോകുവാനാണ് മഞ്ജുഷ ഉദ്ദേശിക്കുന്നത്.
കഴിഞ്ഞ വർഷം ഒക്ടോബർ 15-നാണ് നവീൻ ബാബുവിനെ ക്വട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കേസിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യയാണ് ഒന്നാം പ്രതി. പത്തനംതിട്ടയിലേക്ക് സ്ഥലം മാറി പോകുന്നതിന് മുൻ സംഘടിപ്പിച്ച യാത്രയപ്പ് യോഗത്തിൽ ദിവ്യ നവീൻ ബാബുവിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ഇതിൽ മനം നൊന്താണ് നവീൻ ബാബു ആത്മഹത്യ ചെയ്തതെന്നാണ് കുടുംബം ആരോപിക്കുന്നത്. കേസിൽ ദിവ്യയെ പ്രതി ചേർത്തതോടെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്നും ഇവരെ സിപിഎം മാറ്റിയിരുന്നു. എന്നാൽ ദിവ്യയുടെ രാഷ്ട്രീയ സ്വാധീനത്തിൽ കേസ് ശരിയായ ദിശയിലല്ല പുരോഗമിക്കുന്നതെന്നാണ് കുടുംബം ആരോപണം ഉന്നയിക്കുന്നത്. അതേസമയം, ഇപ്പോൾ ഉയർന്നു കേൾക്കുന്ന മഞ്ജുഷയുടെ രാഷ്ട്രീയ പ്രവേശനത്തെ എതിർക്കുന്നതിനായി കുടുംബവുമായി ബന്ധമുള്ള സിപിഎം നേതാക്കൾ അവരുമായി ആശയവിനിമയം നടത്തുന്നുണ്ടെന്നും കേൾക്കുന്നു.