അമ്പലപ്പുഴ: അയല്‍വാസിയെ ഷോക്കേല്‍പ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ദമ്പതിമാരും മകനും അറസ്റ്റില്‍. പുന്നപ്ര വടക്ക് ഗ്രാമപ്പഞ്ചായത്ത് പതിനഞ്ചാം വര്‍ഡില്‍ കണ്ണങ്കാട്ടുവെളിയില്‍ ദിനേശന(53)നാണ് മരിച്ചത്. സംഭവവുമയി ബന്ധപ്പെട്ട് കൈതവളപ്പില്‍ കുഞ്ഞുമോന്(55), ഭാര്യ അശ്വമ്മ(50), മകന് കിരണ്‍(29) എന്നിവരെ പുന്നപ്ര പോലീസ് അറസ്റ്റ് ചെയ്തു.
ശനിയാഴ്ച വൈകുന്നേരം 6.30-ഓടെയാണ് ദിനേശനെ വീടിന്റെ സമീപമുള്ള കരപ്പുരയിടത്തില്‍ നിന്ന് മരിച്ചനിലയില്‍ കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിൽ ഇലക്ട്രിക്ക് ഷോക്കേറ്റാണ് മരണം സംഭവിച്ചതെന്ന് കണ്ടെത്തി. പരിസരപ്രദേശങ്ങളിലെങ്ങും ഇലക്ട്രിക്ക് ഷോക്കേല്‍ക്കുവാനുള്ള സാഹചര്യമില്ലാത്തത് സംശയത്തിനിടയാക്കി.അയല്‍വാസിയായ കുഞ്ഞുമോനും മകന് കിരണും ചേര്‍ന്ന് അവരുടെ വീടിന് പുറകുവശത്ത് ദിനേശന് വരുന്ന വഴിയില്‍ ഇലക്ട്രിക്ക് ഷോക്കേല്‍പിക്കുന്നതിനുള്ള കെണിയൊരുക്കിയെന്നും വെള്ളിയാഴ്ച രാത്രി കുഞ്ഞുമോന്റെ വീട്ടിലേക്ക് വന്ന ദിനേശന് ഷോക്കേറ്റുവീണ് കൊല്ലപ്പെടുകയായിരുന്നുവെന്നും തുടർന്ന് ദിനേശന്റെ മൃതദേഹം കുഞ്ഞുമോനും മകന് കിരണും ചേര്‍ന്ന് പാടശേഖരത്തില്‍ കൊണ്ടുപോയി ഇടുകയായിരുന്നുവെന്നും പോലീസ് അന്വേഷണത്തിൽ കണ്ടെത്തി.