രാജേഷ് തില്ലങ്കേരി
ന്യൂഡല്‍ഹി:പാര്‍ട്ടിയുടെ തിരിച്ചുവരവിന് ഊര്‍ജം പകര്‍ന്ന ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും പരിശീലനം നല്കാന് കോണ്‍ഗ്രസ് ദേശീയ തലത്തില്‍ രണ്ടു പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങുന്നു. ഉദയ്പുര്‍ ചിന്തന്‍ ശിബിരത്തിന്റെ സമാപന വേളയില്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് സോണിയ ഗാന്ധി പ്രഖ്യാപിച്ച കേന്ദ്രത്തിനാണ് ഇപ്പോള്‍ തുടക്കം കുറിക്കുന്നത്. തിരുവനന്തപുരത്ത് നെയ്യാറിലുള്ള രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ഡവലപ്മെന്റ് സ്റ്റഡീസില്‍ ആദ്യ കേന്ദ്രം തുടങ്ങും.വേഗത്തില്‍ കേന്ദ്രം പരിശീലനത്തിനുതകും വിധം വികസിപ്പിക്കും. പരിശീലന കേന്ദ്രത്തിന്റെ ഡയറക്ടറായി കേന്ദ്ര പഞ്ചായത്ത് മന്ത്രാലയം സീനിയര്‍ കണ്‍സള്‍ട്ടന്റ് സ്ഥാനമൊഴിഞ്ഞ മുന്‍ കാല ഡയറക്ടര്‍ ഡോ. പി. പി. ബാലനെ നിയമിക്കാന്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ അനുമതി നല്കി.നിയമന ഉത്തരവ് ദേശീയ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ ഇന്ന് ഡല്‍ഹിയിലെ വസതിയില്‍ കൈമാറുമെന്നാണ് സൂചന.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ തന്നെയാവും ആദ്യഘട്ടത്തില്‍ രാജ്യത്തെ മുഴുവന്‍ പേര്‍ക്കും പരിശീലനം നല്‍കുക.ഭാവിയില്‍ ഹിമാചല്‍ പ്രദേശിലും സമാനമായ സ്ഥാപനം ആരംഭിക്കും.ഹിമാചലിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്റെ സഹകരണത്തോടെ 25 ഏക്കര്‍ സ്ഥലം എ.ഐ.സി.സി. കണ്ടെത്തി. നെയ്യാറിലെ രീതിക്ക് അനുസൃതമായാവും രണ്ടാമത്തെ കേന്ദ്രത്തിന്റെയും പ്രവര്‍ത്തനം.
നെയ്യാറില്‍ പരിശീലനത്തിനെത്തുന്നവര്‍ക്ക് താമസിക്കാന്‍ മുന്നൂറോളം മുറികള്‍ സജ്ജമാക്കാനാണ് ആലോചന. ആധുനിക രീതിയിലുള്ള പരിശീലനത്തിന് വിപുലമായ സൗകര്യങ്ങളും ഒരുക്കും. പരിശീലന പാഠ്യപദ്ധതിയും തയ്യാറാക്കും. ഗവേഷണത്തിനും പഠനത്തിനും താല്പര്യമുള്ള നേതാക്കള്‍ക്ക് താമസിച്ച് പഠിക്കാനുള്ള സൗകര്യവും ഉണ്ടാവും. അന്തര്‍ദേശീയ തലത്തില്‍ പ്രവര്‍ത്തിക്കുന്ന സമാന സ്ഥാപനങ്ങളുമായി കൈകോര്‍ത്താവും പ്രവര്‍ത്തനം.
ദക്ഷിണാഫ്രിക്കയിലെ ഫീനിക്സ് ആശ്രമത്തിന്റെ 2022-ലെ ഗാന്ധി സ്മാരക പുരസ്കാരം നേടിയ ഡോ. ബാലന് അന്തര്‍ദേശീയ തലത്തിലുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങളുടെ പിന്തുണയും ഇതിനായി തേടുമെന്നറിയുന്നു.
ഭരണഘടന, സ്വാതന്ത്ര്യ സമര ചരിത്രം, കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ ഗാന്ധിജിയുടെ പ്രസക്തി, ഒഴിഞ്ഞ ഖജനാവുമായി അധികാരത്തിലേറി പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രു രാജ്യത്തെ വികസന വഴിയിലേക്ക് നയിച്ചത്. സമകാലിന രാഷ്ട്രീയത്തിലെ മാറ്റങ്ങള്‍, എതിര് രാഷ്ട്രീയക്കാരുടെ പ്രചാരണങ്ങള്‍ക്ക് തിരിച്ചടി നല്‍കാനുള്ള അറിവുകള്‍ തുടങ്ങിയവ പരിശീലന പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
കേന്ദ്ര പഞ്ചായത്ത് രാജ് മന്ത്രാലയത്തിലെ സീനിയര്‍ കണ്‍സള്‍ട്ടന്റായിരുന്ന ഡോ. ബാലന് കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരന്റെ അഭ്യര്‍ഥന പ്രകാരം പരിശീലന കേന്ദ്രത്തിന്റെ ചുമതല ഏറ്റെടുക്കാനായി മാര്‍ച്ച് 31-ന് പദവി ഒഴിഞ്ഞിരുന്നു. ഡോ. ബാലന്റെ പേരിനാണ് എ.ഐ.സി.സി.യും മുന്‍ തൂക്കം നല്‍കിയത്. ദേശീയ യൂത്ത് കോണ്‍ഗ്രസ്സും സമാന പരിശീലനത്തിന് കേന്ദ്രം തുടങ്ങാന്‍ പദ്ധതിയിടുന്നുണ്ട്. ചിലപ്പോള്‍ എ.ഐ.സി.സി. കേന്ദ്രങ്ങളോട് അനുബന്ധിച്ചാവും ഇതിന്റെയും പ്രവര്‍ത്തനം.
വലിയൊരു തിരിച്ചുവരവിനുള്ള ശ്രമങ്ങളിലാണ് കോണ്‍ഗ്രസ്. പാര്‍ട്ടിയെ ശക്തിപ്പെടുത്തുന്നതിനുള്ള നീക്കത്തിന് പൊതുവെ എല്ലാ സംസ്ഥാനത്തും നല്ല പ്രതികരണമാണ്. കൂടുതല്‍ യുവാക്കളെ പാര്‍ട്ടിയിലേക്ക് എത്തിക്കുക. ഉന്നത വിദ്യാഭ്യാസമുള്ളവരേയും കൂടുതല്‍ പ്രഫഷണലുകളേയും പാര്‍ട്ടിയില്‍ എത്തിക്കുകയെന്നതിനാണ് ദേശീയ നേതൃത്വം കൂടുതല്‍ ശ്രദ്ധകേന്ദ്രീകരിക്കുക.
ബി ജെ പിയുടെ വളര്‍ച്ചയെ നേരിടാന്‍ കൂടുതല്‍ നേതാക്കളെ വാര്ത്തെടുക്കേണ്ടതുണ്ടെന്ന തിരിച്ചറിവിന്റെ ഭാഗമായാണ് ഒരു പഠനകേന്ദ്രം എന്ന നിര്‍ദ്ദേശം ഹൈക്കമാന്റ് എ ഐ സി സിക്ക് മുന്നില്‍ വച്ചത്.ഗാന്ധിയന്‍ മാര്‍ഗത്തിന് കൂടുതല്‍ പ്രാധാന്യം നല്കി രാജ്യത്തെ ജനങ്ങളെ വര്‍ഗീയ രാഷ്ടട്രീയത്തില്‍ നിന്നും മോചിപ്പിക്കുകയാണ് പഠനകേന്ദ്രം ലക്ഷ്യമിടുന്നത്. വ്യക്തിത്വ വികസനമടക്കമുള്ള വിവിധങ്ങളായ പരിശീലന പരിപാടിയാണ് കോണ്‍ഗ്രസ് ദേശീയ നേതൃത്വം ഇതിലൂടെ ലക്ഷ്യമിടുന്നത്.