ടോക്കിയോ: രോഗിയുമായി പറന്നുയര്‍ന്ന ഹെലികോപ്ടര്‍ കടലില്‍ വീണു ജപ്പാനില്‍ രോഗി അടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു. ജപ്പാനിലെ തെക്ക് പടിഞ്ഞാറന്‍ മേഖലയിലാണ് എയര്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ടത്. സംഭവത്തില്‍ മൂന്ന് പേരെ മാത്രമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് രക്ഷിക്കാനായത്. 66കാരനായ പൈലറ്റ്, ഹെലികോപ്ടര്‍ മെക്കാനിക്ക്, 28കാരിയായ നഴ്സ് എന്നിവരെയാണ് തീരദേശ സേന അപകടത്തിന് പിന്നാലെ കടലില്‍ നിന്ന് രക്ഷിച്ചത്. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
ധരിച്ചിരുന്ന രക്ഷാ കവചം മൂലം കടലില്‍ ഒഴുകി നടക്കുന്ന നിലയിലാണ് ഇവരെ കണ്ടെത്തിയത്. സംഘത്തിന്റെ ഒപ്പമുണ്ടായിരുന്ന 34കാരനായ ഡോക്ടര്‍, 86കാരനായ രോഗി, രോഗിയെ പരിചരിച്ചുകൊണ്ടിരുന്ന 68കാരന് എന്നിവരാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങള്‍ പിന്നീട് ജപ്പാന് എയര്‍ സെല്‍ഫ് ഡിഫന്‍സ് ഫോഴ്സ് ഹെലികോപ്ടര്‍ കണ്ടെത്തി. കോസ്റ്റ് ഗാര്‍ഡിന്റെ രണ്ട് കപ്പലുകളിലായുള്ള തെരച്ചിലിലാണ് ഒഴുകി നടന്നവരെ കണ്ടെത്താനായത്. ഫുകോകയിലെ ആശുപത്രിയിലേക്ക് നാഗസാക്കിയിലെ വിമാനത്താവളത്തില്‍ നിന്ന് പറന്നുയര്‍ന്ന വിമാനമാണ് അപകടത്തില്‍പ്പെട്ടത്. അപകട കാരണം ഇനിയും വ്യക്തമായിട്ടില്ല.