ന്യൂ ഡല്‍ഹി: വായുമലിനീകരണത്തില്‍ പൊറുതിമുട്ടി ഡല്‍ഹി നിവാസികള്‍. വായു ഗുണനിലവാര സൂചികയുടെ ശരാശരി 452 ആയി ഉയര്‍ന്നതാണ് ആശങ്ക ഉയര്‍ത്തിയത്. 24 മണിക്കൂറിലെ വായു ഗുണനിലവാര സൂചികയുടെ ശരാശരി 418 ആണ്. ചൊവ്വാഴ്ച വൈകുന്നേരം വരെ 334 ആയിരുന്ന ഗുണനിലവാരമാണ് അതിവേഗം ഗുരുതര വിഭാഗത്തിലെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിലെ ഏറ്റവും മോശം അവസ്ഥയാണ് ഇപ്പോള്‍ നിലവിലുള്ളത്.
വായുമലിനീകരണം അതീവ ഗുരുതര വിഭാഗത്തിലേക്ക് എത്തിയതോടെ ഡല്‍ഹി നിവാസികള്‍ എപ്പോള്‍ വേണമെങ്കിലും രോഗങ്ങള്‍ പിടികൂടാമെന്ന അവസ്ഥയിലേക്കെത്തി.
എല്ലാവരും തികഞ്ഞ ജാഗ്രത പാലിക്കണമെന്നും ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ ചികിത്സ തേടണമെന്നും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അറിയിച്ചു. അതേസമയം വര്‍ധിച്ചു വരുന്ന വായുമലിനീകരണ വിഷയത്തില്‍ ഡല്‍ഹി സര്‍ക്കാരിനെ അതിരൂക്ഷമായി സുപ്രീംകോടതി വിമര്‍ശിച്ചിരുന്നു.