ചെന്നൈ: തമിഴ്നാട്ടിലെ പരന്തൂരിലെ വിമാനത്താവള പദ്ധതിക്കായി നടക്കുന്ന കുടിയൊഴിപ്പിക്കലിനെതിരെ നടക്കുന്ന സമരത്തില്ഇടപെടാൻ തമിഴക വെട്രി കഴകം പാര്‍ട്ടി അധ്യക്ഷനും നടനുമായ വിജയ്. അദ്ദേഹം ഇന്ന് പരന്തൂരിലെ ഏകനാപുരത്ത് സമരക്കാരെ സന്ദർശിക്കും. രാവിലെ 11 മണി മുതല്‍ 1 മണിവരെയാണ് വിജയ്ക്ക് സന്ദര്‍ശന അനുമതി ഉള്ളത്. പരന്തൂരിന് ചുറ്റുമുള്ള 13 ഗ്രാമങ്ങളിൽ നിന്നുള്ളവർ കഴിഞ്ഞ 900 ദിവസങ്ങളായി സമരത്തിലാണ്.
5,746 ഏക്കര്‍ സ്ഥലം ഏറ്റെടുത്ത് വിമാനത്താവള നിര്‍മ്മാണം തുടങ്ങാനാണ് സര്‍ക്കാര്‍ പദ്ധതിയിടുന്നത്. ഈ പദ്ധതിയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സൈറ്റ് ക്ലിയറന്‍സ് ലഭിച്ചതോടെ കഴിഞ്ഞ സെപ്റ്റംബറില്‍ തമിഴ്നാട് സര്‍ക്കാര്‍ പരന്തൂരിലെ ഏകനാപുരത്ത് 4445 ഏക്കര്‍ ഭൂമി ഏറ്റെടുക്കാന്‍ നോട്ടീസ് നൽകാൻ ആരംഭിച്ചു. തുടർന്നാണ് ശക്തമായ സമരവുമായി ഗ്രാമവാസികൾ എത്തിയത്. വിജയ്യുടെ സമരക്കാരുമായുളള കൂടിക്കാഴ്ച ഏതെങ്കിലും ഒരു ഓഡിറ്റോറിയത്തിലേക്കു മാറ്റണം എന്ന് കാഞ്ചീപുരം ജില്ലാ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ സമര ഭൂമിയില്‍ പോയി അവരെ കാണണം എന്ന നിലപാടിലാണ് പാര്‍ട്ടിയും വിജയിയും.