സംവിധായികയും നടിയുമായ ഐഷ സുൽത്താന ഉടൻ കോൺഗ്രസിൽ ചേരുമെന്ന് സൂചന. ഏറെ നാളുകളായി ഐഷയുടെ പല പ്രതികരണങ്ങളും കോൺഗ്രസിന് അനുകൂലമായിട്ടായിരുന്നു. മറ്റെല്ലാവരും കോൺഗ്രസിനെ തള്ളിപ്പറയുന്ന ഘട്ടങ്ങളിൽ പോലും ഐഷ കോൺഗ്രസിന് ഒപ്പം തന്നെ ഉറച്ച് നിലകൊണ്ടിരുന്നു. തനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമില്ലെന്ന് ആവർത്തിച്ച് പറയുമ്പോഴും സംഘപരിവാർ ഉയർത്തിക്കാട്ടുന്ന വിദ്വേഷ രാഷ്ട്രീയത്തിനെതിരെ പൊരുതുവാനുള്ള ഇടമായി ഐഷ കോൺഗ്രസിനെ കാണുകയാണ്.
ഏറ്റവും ഒടുവിലായി ഡൽഹിയിലെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ ഇന്ത്യ മുന്നണിയിലെ പോലും മറ്റു പാർട്ടികൾ കോൺഗ്രസിനെ വിമർശിച്ചിരുന്നു. അപ്പോഴും ആം ആദ്മിയെ രൂക്ഷമായ ഭാഷയിൽ വിമർശിക്കുകയായിരുന്നു ഐഷ സുൽത്താന. ഡൽഹിയിൽ സംഭവിച്ചത് വിധിയല്ലെന്നും എഎപിയുടെ തന്നെ എ ടീമായ ബിജെപി തന്ന പതിനെട്ടിന്റെ പണിയാണെന്നും ഐഷ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
ജനാധിപത്യത്തേ പുച്ഛത്തോടെ കാണുന്ന കൂട്ടര്‍ക്ക് കുട പിടിച്ച് നില്ക്കുമ്പോള് ഓര്‍ക്കണമായിരുന്നു ഒരു ദിവസം അവര്‍ നിങ്ങളുടെ കുടയും കൊണ്ട് പോകുമെന്നും ഐഷ സുല്‍ത്താന തുറന്നടിച്ചിരുന്നു. കോൺഗ്രസ് വിമുക്ത ഭാരതം സ്വപ്നം കണ്ട ബിജെപിക്കൊപ്പം ആം ആദ്മി നിലകൊണ്ടതിനെയും ഐഷ രൂക്ഷമായി തന്നെ വിമർശിക്കുന്നുണ്ട്. കോണ്‍ഗ്രസ്സിന്റെയും എഎപിയുടെയും തമ്മില്‍ തല്ലിന്റെ ഭാഗമായിട്ടാണ് ഇങ്ങനെ സംഭവിച്ചതെന്ന പ്രചാരണം ശരിയല്ലെന്നും ഐഷ കുറിക്കുന്നുണ്ട്.
അരി ഭക്ഷണം കഴിക്കുന്ന ഏതൊരു ഇന്ത്യന്‍ പൗരനും മനസിലാവുന്ന കാര്യമാണ് സംഭവിച്ചതെന്നും ബിജെപി എ ടീമും എഎപിയുടെ ബി ടീമും തമ്മിലുള്ള ഗൈയിമിന്റെ പരിണിതഫലമാണ് തെരഞ്ഞെടുപ്പ് ഫലമെന്നുമുള്ള ഐഷയുടെ നിരീക്ഷണത്തെ ഒട്ടേറെ പേരാണ് ഏറ്റെടുത്തിരിക്കുന്നത്. ജനാധിപത്യത്തേ പുച്ഛത്തോടെ കാണുന്ന കൂട്ടര്‍ക്ക് കുട പിടിച്ച് നില്ക്കുമ്പോള് ഓര്‍ക്കണമായിരുന്നു ഒരുദിവസം അവര്‍ നിങ്ങളുടെ കുടയും കൊണ്ട് പോകുമെന്ന ഉപദേശവും ഐഷ ആം ആദ്മിക്ക് നൽകുന്നുണ്ട്.
കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് സമയത്തും ഐഷ സുൽത്താന കോൺഗ്രസിന് വേണ്ടി സാമൂഹ്യമാധ്യമങ്ങളിൽ സജീവമായിരുന്നു. നേരിട്ട് കോൺഗ്രസ് സ്ഥാനാർത്ഥികൾക്ക് വേണ്ടി വോട്ട് തേടിയില്ലെങ്കിലും കോൺഗ്രസിനെ എതിർക്കുന്നവരെ ഐഷയും അതേ ഭാഷയിൽ എതിർക്കുമായിരുന്നു.
ലക്ഷദ്വീപിൽ എൻസിപി നേതാവും മുൻ എംപിയുമായ ഫൈസലിനെതിരെ കടുത്ത വിമർശനങ്ങൾ അവർ ഉയർത്തിയിട്ടുണ്ട്. ലക്ഷദ്വീപ് ജനതയെ വഞ്ചിച്ച എംപിയായിരുന്നു ഫൈസലെന്ന് ഐഷ പലയാവർത്തി പറഞ്ഞിട്ടുണ്ട്. എൻസിപി നേതാവിന്റെ മകൾ ആയിട്ടും ഐഷ കോൺഗ്രസിനൊപ്പം നിലകൊള്ളുകയായിരുന്നു. ലക്ഷദ്വീപ് ജനത നേരിട്ട പ്രശ്നങ്ങൾ പുറംലോകത്തേക്ക് എത്തിച്ചു കൊണ്ടായിരുന്നു ഐഷ എല്ലാവർക്കും സ്വീകാര്യയാവുന്നത്.
ഐഷ സുല്‍ത്താന നടത്തിയ ബയോവെപ്പണ്‍ പരാമര്‍ശത്തില്‍ രാജ്യദ്രോഹക്കേസ് ചുമത്തിയിരുന്നു. കേസെടുത്തത് വഴി അവർക്ക് കൂടുതൽ ഇമേജ് ഉണ്ടാക്കിക്കൊടുക്കുകയായിരുന്നു ബിജെപി ചെയ്തത്. കോൺഗ്രസിന്റെയും ഇടതു സംഘടനകളുടെയും നേതാക്കൾ അന്ന് ഐഷയ്ക്ക് ഐക്യദാർഢ്യവുമായി രംഗത്തെത്തിയിരുന്നു.
ഒരുപക്ഷേ ഏറ്റവും വലിയ പിന്തുണ നൽകിയത് കേരളം തന്നെയായിരിക്കും. വലിയ തോതിലുള്ള സാമൂഹ്യ മാധ്യമ ക്യാമ്പയിനുകൾ പോലും നടന്നു. രാഷ്ട്രീയത്തിന് അതീതമായി സംഘപരിവാറിനെ രണ്ടു പറയുവാൻ കിട്ടുന്ന ഏതൊരു സാഹചര്യവും കൃത്യമായി ഉപയോഗപ്പെടുത്തുന്നവരാണ് മലയാളികൾ. ഐഷയ്ക്ക് പിന്തുണ നൽകുന്നതുവഴി ബിജെപിയെ രണ്ടു പറയുവാൻ മലയാളികൾ ആ അവസരം കൃത്യമായി ഉപയോഗപ്പെടുത്തി. പിന്നീട് വിവിധ കോടതികൾ ഐഷയ്ക്ക് അനുകൂലമായി വിധികൾ പുറപ്പെടുവിച്ചതോടെ സംഘപരിവാർ പ്രതിരോധത്തിലായി.
പിന്നീട് അങ്ങോട്ട് ഐഷയും ബിജെപിയും തമ്മിൽ നേർക്കുനേർ യുദ്ധമായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബിജെപിയുടെ മുൻനിര നേതാക്കളിൽ ഒരാളായ അമിത്ഷായേയും അവർ നിരന്തരം വിമർശിക്കുകയുണ്ടായി. ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുന്നത് താൻ ഏറെ ആഗ്രഹിക്കുന്നുവെന്ന് ഐഷ പറഞ്ഞിരുന്നു.
രാജ്യത്ത് വീണ്ടും നരേന്ദ്രമോദി അധികാരത്തിലേക്ക് എത്തിയെങ്കിലും കോൺഗ്രസും ഇന്ത്യ മുന്നണിയും നടത്തിയ മുന്നേറ്റത്തെ ഐഷ തന്റെ സാമൂഹ്യ മാധ്യമങ്ങളിൽ അഭിനന്ദിച്ചിരുന്നു. പല ഘട്ടങ്ങളിലും അവർ കോൺഗ്രസിലേക്ക് ചേക്കേറുമെന്ന ചർച്ചകൾ നടന്നിരുന്നു. ഇന്ന് ചർച്ചകൾക്കൊക്കെ അപ്പുറത്തേക്ക് ഏറെക്കുറെ അവർ കോൺഗ്രസിനോട് അടുക്കുന്നു എന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്.
ലക്ഷദ്വീപിനും കേരളത്തിനും അപ്പുറത്തേക്ക് രാജ്യത്തുടനീളം ഐഷയെ പിന്തുടരുന്നവർ ഏറെയാണ്. അതുകൊണ്ടുതന്നെ അവരുടെ പാർട്ടി പ്രവേശനത്തെയും കോൺഗ്രസ് വലിയ പ്രാധാന്യത്തോടെയാണ് നോക്കിക്കാണുന്നത്. പാർട്ടി അംഗത്വം സ്വീകരിച്ചാൽ യൂത്ത് കോൺഗ്രസിന്റെ ദേശീയ ഭാരവാഹിത്വത്തിലേക്ക് അവരെ പരിഗണിക്കുന്നതിനാണ് സാധ്യത.
ഗുലാം നബി ആസാദും കപിൽ സിബലും ഒക്കെ കോൺഗ്രസിന്റെ ന്യൂനപക്ഷ മുഖങ്ങൾ ആയിരുന്നു. എന്നാൽ ഇവരെല്ലാം കോൺഗ്രസ് വിട്ടതോടെ പറയത്തക്ക ന്യൂനപക്ഷ മുഖങ്ങൾ ഒന്നും ഇന്ന് ദേശീയ തലത്തിൽ കോൺഗ്രസിന് ഇല്ല. കൃത്യമായ ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ബാങ്കിൽ എല്ലാകാലത്തും കണ്ണുള്ള കോൺഗ്രസിന് അവർ പാർട്ടിവിട്ടത് നൽകിയ തിരിച്ചടികൾ നിരവധിയാണ്. ഐഷ കോൺഗ്രസിലേക്ക് എത്തിയാൽ ന്യൂനപക്ഷ വിഭാഗത്തിൽ നിന്നും ശ്രദ്ധ കിട്ടുന്ന ഒരാൾ പാർട്ടിക്ക് മുതൽക്കൂട്ട് ആകുമെന്നതിൽ തർക്കമില്ല. ഏറെക്കുറെ പാർട്ടി പ്രവേശന സംബന്ധിച്ച ചർച്ചകളും പുരോഗമിക്കുകയാണ്.
കേരളത്തിൽ നിന്നുള്ള ഒരു എംപിയാണ് ഈ ചർച്ചകൾക്ക് നേതൃത്വം നൽകുന്നതെന്നും അറിയുന്നു. ഒരുപക്ഷേ ഇനി വരുന്ന രാജ്യസഭാ സീറ്റ് ഒഴിവിലേക്ക് അവരെ പരിഗണിക്കുന്നതിനുള്ള സാധ്യതകളുമുണ്ട്. സംഘപരിവാറിനെതിരായ പ്രതിരോധത്തിന്റെ മുഖം ഐഷയ്ക്ക് കോൺഗ്രസ് രാഷ്ട്രീയത്തിൽ കൂടുതൽ സാധ്യതകൾ നൽകുന്നതാണ്. അതോടൊപ്പം യുവത്വവും ന്യൂനപക്ഷ പ്രാതിനിധ്യവും കൂടിയാകുമ്പോൾ കാര്യങ്ങൾ കൂടുതൽ ഉഷാറാകും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിലേക്ക് എത്തുമ്പോഴേക്കും സമൂഹത്തിൽ അറിയപ്പെടുന്ന ഒട്ടേറെ പുതുമുഖങ്ങളെ മൂവർണ്ണക്കൊടിക്ക് കീഴിൽ അണിനിരത്തുവാൻ ഉള്ള കോൺഗ്രസിന്റെ ശ്രമങ്ങൾ എത്ര കണ്ട് വിജയിക്കുമെന്ന് കാത്തിരുന്നു കാണേണ്ടതാണ്.