ലഖ്നോ: ഉരുളക്കുപ്പേരി കണക്കെ മറുപടിയുമായി യോഗി ആദിത്യനാഥും അഖിലേഷ് യാദവും തമ്മിലുള്ള വാക്പോര് മുറുകുകയാണ്. ‘ബുൾഡോസർ’ വിഷയത്തിൽ സമാജ്വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥും തമ്മിലുള്ള തർക്കമണ് കൊഴുക്കുന്നത്.
2027-ൽ തങ്ങൾ അധികാരത്തിലെത്തിയാൽ സംസ്ഥാനത്തെ എല്ലാ ബുൾഡോസറുകളും ഗോരഖ്പൂരിലേക്ക് തിരിക്കുമെന്ന അഖിലേഷിന്റെ പരാമർശത്തിന് മറുപടിയുമായി കഴിഞ്ഞ ദിവസം യോഗി രംഗത്തുവന്നിരുന്നു.
ബുൾഡോസർ പ്രവർത്തിപ്പിക്കാൻ ധൈര്യവും ബുദ്ധിയും നിശ്ചയദാർഢ്യവും ആവശ്യമാണെന്നും അഖിലേഷ് യാദവിന് അതില്ലെന്നുമായിരുന്നു യോഗിയുടെ പരിഹാസം. എന്നാൽ, ഇതിനുപിന്നാലെ യോഗിക്ക് ഉരുളക്കുപ്പേരി കണക്കെ മറുപടിയുമായി രംഗത്തുവന്നിരിക്കുകയാണ് അഖിലേഷ്.
‘നിങ്ങളും നിങ്ങളുടെ ബുൾഡോസറും അത്രവലിയ വിജയമാണെങ്കിൽ ഒരു പ്രത്യേക പാർട്ടിയുണ്ടാക്കിക്കോളൂ. എന്നിട്ട് ബുൾഡോസർ ചിഹ്നമായി നിശ്ചയിച്ച് തെരഞ്ഞെടുപ്പിൽ മത്സരിക്കൂ. നിങ്ങളുടെ മിഥ്യാബോധവും അഹങ്കാരവുമൊക്കെ തകർന്നടിയുമെന്നുറപ്പ്.
എന്തായാലും ഇപ്പോഴത്തെ സാഹചര്യത്തിൽ ബി.ജെ.പിയിലാണെങ്കിൽ പോലും നിങ്ങൾ വട്ടപ്പൂജ്യമാണ്. അതിനാൽ പ്രത്യേക പാർട്ടിയുണ്ടാക്കുന്നതാവും നല്ലത്. ഇന്ന് പറ്റില്ലെങ്കിൽ നാളെയെങ്കിലും’ എന്നാണ്സ മൂഹ മാധ്യമമായ ‘എക്സി’ൽ പങ്കുവെച്ച കുറിപ്പിൽ അഖിലേഷ് തിരിച്ചടിച്ചിരിക്കുന്നത്.