ശബരിമല: ശബരിമലയിൽ മകരവിളക്കിനോട് അനുബന്ധിച്ച് എക്സൈസ് പരിശോധന ശക്തമാക്കി. ലഹരി വസ്തുകൾക്ക് നിരോധനമുള്ള മേഖലയാണ് ശബരിമലയും പരിസര പ്രദേശങ്ങളും. ഇതുവരെ 65 പരിശോധനകളിലായി 195 കേസുകൾ രജിസ്റ്റർ ചെയ്തു. വരും ദിവസങ്ങളിലും മേഖലകളിൽ പരിശോധന ശക്തമാക്കുമെന്ന് എക്സൈസ് ഉദ്യോഗസ്ഥർ പറഞ്ഞു.
തൊഴിലാളികൾ ഉൾപ്പെടെയുള്ള ആളുകൾ പുകയില ഉല്പന്നങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന വിവരം ശ്രദ്ധയിൽ പെട്ടതോടെയാണ് പരിശോധന ശക്തമാക്കിയത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളിൽ പമ്പയിൽ 16 പരിശോധനകൾ നടത്തുകയും 83 കേസുകളിലായി 16,600 രൂപ പിഴ ഈടാക്കുകയും നിലയ്ക്കലിൽ 33 പരിശോധനകളിലായി 72 കേസുകൾ രജിസ്റ്റർ ചെയ്യുകയും 14,400 രൂപ പിഴ ഈടാക്കുകയും ചെയ്തു. സന്നിധാനത്ത് 40 കേസുകളിലായി 8,000 രൂപയും പിഴ ഈടാക്കി. 26 ഹോട്ടലുകളും 28 ലേബർ ക്യാമ്പുകളിലും പരിശോധിച്ചു. പിടിച്ചെടുത്ത ഉല്പനങ്ങൾ മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ശേഷം നശിപ്പിക്കുകയും ചെയ്തു.