തിരുവനന്തപുരം: രണ്ടാഴ്ചയോളമായി ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തുന്ന സമരം പൂർണ നിസ്സഹകരണത്തിലേക്കു മാറി. ഈ മാസം 10 മുതലാണ് ആശ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ സമരം തുടങ്ങിയത്. പലതവണ ആരോഗ്യമന്ത്രിയുമായി ചർച്ച നടത്തിയിട്ടും ആവശ്യങ്ങൾ അംഗീകരിക്കപ്പെട്ടില്ല. ഓണറേറിയവും അലവൻസും ഉൾപ്പെടെ 9000 രൂപയാണ് വേതനമെന്ന് ആശ വർക്കർമാർ പറയുമ്പോൾ, 13200 രൂപ വരെ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യമന്ത്രിയുടെ ഓഫീസ് അവകാശപ്പെട്ടിരുന്നു.
അതേസമയം 27,000 ആശ വർക്കർമാരും സമരത്തിന്റെ ഭാഗമായി നിസ്സഹകരണത്തിലാണെന്ന് കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ അറിയിച്ചു. സമരത്തിനിറങ്ങിയ പിന്തുണ അറിയിച്ച് രാഹുൽ മാങ്കൂട്ടത്തിൽ ഇന്നലെ എത്തിയിരുന്നു. സമരം യൂത്ത് കോൺഗ്രസ് ഏറ്റെടുക്കുമെന്ന് ആശ വർക്കർമാരെ സന്ദർശിച്ചിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പറഞ്ഞിരുന്നു. എം വിൻസന്റ് എംഎൽഎ, രമേശ് ചെന്നിത്തല എന്നിവരും ആശ വർക്കർമാരെ സന്ദർശിച്ചിരുന്നു.