പ്രവചനങ്ങളെല്ലാം കാറ്റിൽ പറത്തി ട്രംപ് വീണ്ടും അമേരിക്കയുടെ പ്രസിഡന്റ്. വാശിയേറിയ പോരാട്ടത്തിൽ ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാർഥി കമലാ ഹാരിസിനെ തോൽപ്പിച്ചാണ് ട്രംപ് രണ്ടാം തവണയും വൈറ്റ് ഹൗസിലേക്ക് നടന്ന് കയറിയത്. ഡൊണാള്‍ഡ് ട്രംപ് അമേരിക്കയുടെ 47-ാമത് പ്രസിഡൻ്റായാണ് സ്ഥാനമേൽക്കുന്നത്. 127 വർഷത്തിന് ശേഷമാണ് പ്രസിഡന്റ് സ്ഥാനത്ത് ഇരുന്ന് തോറ്റ ഒരാൾ വീണ്ടും പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ച് ജയിക്കുന്നത്.
നിരവധി പ്രതികൂല സാഹചര്യങ്ങളെ മറികടന്നാണ് ട്രംപ് ഇത്തവണ ചരിത്ര വിജയം കൈവരിച്ചത്. നിർണായകമായ 7 സ്വിങ് സ്റ്റേറ്റുകളിൽ മികച്ച മുന്നേറ്റം ഉണ്ടാക്കാൻ ട്രംപിന് സാധിച്ചു. അഭിപ്രായ സർവേകളിൽ ഈ സ്റ്റേറ്റുകളിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് പ്രവചിരുന്നതെങ്കിലും വ്യക്തമായ മേൽകൈ ട്രംപിന് ലഭിച്ചു.
4 വർഷം മുൻപ് ജോ ബൈഡനോട് ഏറ്റ പരാജയത്തിന്റെ മധുര പ്രതികാരം കൂടിയായി ട്രംപിന്റെ ഈ വിജയം. ജനപ്രതിനിധി സഭയിലും സെനറ്റിലും വൻ മുന്നേറ്റമാണ് റിപ്പബ്ലിക്കൻ പാർട്ടി നടത്തിയത്. തെരഞ്ഞെടുപ്പ് ജയത്തിന് പിന്നാലെ അമേരിക്കൻ ജനതയെ അഭിസംബോധന ചെയ്ത് ട്രംപ് വോട്ടർമാരോട് നന്ദി പറഞ്ഞു . ഇത് ചരിത്ര വിജയം ആണെന്നും അമേരിക്കയുടെ സുവർണ കാലഘട്ടമാണ് വരാൻ ഇരിക്കുന്നത് എന്നും ട്രംപ് അഭിപ്രായപെട്ടു. വിജയത്തിൽ ഡൊണാൾഡ് ട്രംപിന് നരേന്ദ്ര മോദി ബെഞ്ചമിൻ നെതന്യാഹു എന്നിവർ അഭിനന്ദനങ്ങൾ അറിയിച്ചു .
വിജയപ്രതീക്ഷയുമായി മുന്നേറിയിരുന്ന കമലാ ഹാരിസിനും ഡെമോക്രാറ്റിക് പാർട്ടിക്കും തോൽവി കനത്ത തിരിച്ചടിയായി .അഭിപ്രായ സർവേകളിൽ ഉണ്ടായിരുന്ന മുൻതൂക്കം പക്ഷേ കമലാ ഹാരിസിനെ അന്തിമ ഫലത്തിൽ തുണച്ചില്ല .
അമേരിക്കയുടെ ചരിത്രത്തിലെ രണ്ടാമത്തെ മാത്രം വനിതാ പ്രസിഡന്റ് സ്ഥാനാർഥി ആയിരുന്നു കമലാ ഹാരിസ് . 2016 ൽ ഹില്ലരി ക്ലിന്റണിന് ശേഷം ഇത്തവണ കമലയും തോറ്റതോടെ ഒരു വനിതാ പ്രസിഡന്റ് എന്ന അമേരിക്കയുടെ കാത്തിരിപ്പ് നീളുകയാണ് .