കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രവര്‍ത്തനം ട്രേഡ് യൂണിയന് രൂപത്തിലേക്ക് മാറ്റാന്‍ ആവശ്യവുമായി ചലച്ചിത്ര പ്രവര്‍ത്തകര്‍. ആവശ്യവുമായി അമ്മയിലെ ഇരുപതോളം അംഗങ്ങള്‍ സമീപിച്ചതായി ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്. എന്നാല്‍ ഫെഫ്കയ്ക്ക് ഇത് സാധ്യമല്ല എന്ന കാര്യം അവരെ അറിയിച്ചതായും ബി.ഉണ്ണികൃഷ്ണന് പറഞ്ഞു. അമ്മ ചാരിറ്റബിള്‍ സോസേറ്റി ആക്ട് പ്രകാരം റജിസ്ട്രര്‍ ചെയ്ത സംഘടനയാണ്. അതില്‍ നിന്ന് ഒരു വിഭാഗം അതിനെ തൊഴിലാളി സംഘടനയായി മാറ്റണം എന്ന ആവശ്യം ഉന്നയിച്ചുവെന്നാണ് ഇപ്പോള്‍ വെളിപ്പെടുത്തല്‍ പുറത്ത് എത്തുന്നത്.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വിവാദമായതിന് പിന്നാലെ അമ്മയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി ഒന്നാകെ രാജിവച്ചിരുന്നു. സംഘടനയിലെ ഭിന്നതകളും മറനീക്കി പുറത്തു വന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഫെഫ്ക ജനറല്‍ സെക്രട്ടറിയുടെ പുതിയ വെളിപ്പെടുത്തല്‍ പുറത്തു വരുന്നത്. അതേ സമയം അമ്മയുടെ ഭാരവാഹികളായ ആരും ഫെഫ്കയെ സമീപിച്ചിട്ടില്ല എന്ന് മുന്‍ വൈസ് പ്രസിഡന്റ് ജയന് ചേര്‍ത്തല പറഞ്ഞു.