മൂവാറ്റുപുഴ: സഹകരണസംഘം അക്കൗണ്ടുകളിലൂടെ രാഷ്ട്രീയ നേതാക്കൾക്കും പണം നൽകിയെന്ന് പാതിവില തട്ടിപ്പ് കേസ് പ്രതി അനന്തു കൃഷ്ണൻ. ഇത് സംബന്ധിച്ച വിവരങ്ങൾക്കായി പൊലീസ് ഇയാളുടെ ഫോണിലെ ചാറ്റുകളും മറ്റും പരിശോധിച്ചു വരികയാണ്. മൂവാറ്റുപുഴ പോലീസ് കസ്റ്റഡിയില്‍ വാങ്ങി നടത്തിയ ചോദ്യംചെയ്യലിലാണ് ഇക്കാര്യങ്ങള്‍ പുറത്തുവന്നത്.
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുകാലത്ത് ഇടത്-വലത് പാര്‍ട്ടികളുടെ സ്ഥാനാര്‍ഥികള്‍ക്കും നേതാക്കള്‍ക്കുമായി 90 ലക്ഷം രൂപ നൽകി. പണമായും അല്ലാതെയും നല്‍കിയിട്ടുണ്ട്. പണം ആവശ്യപ്പെട്ടവരുടെ ജീവനക്കാരുടെ അക്കൗണ്ടുകള്‍ വഴിയും പണം കൊടുത്തുവെന്നും തെരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും നേതാക്കള്‍ക്കും സംഭാവനയായാണ് പണം നല്‍കിയത്. എന്‍.ജി.ഒ. കോണ്‍ഫെഡറേഷനുമായി ബന്ധപ്പെട്ടും പണം നല്‍കിയിരുന്നുവെന്നും അനന്തു പറഞ്ഞു.
ഇടുക്കി, കോട്ടയം ജില്ലകളിലായി അഞ്ചിടത്ത് അനന്തുകൃഷ്ണന് സ്ഥലങ്ങള്‍ വാങ്ങിയതിന്റെ വിശദാംശങ്ങളും ലഭിച്ചു. ചില സ്ഥലങ്ങള്‍ക്ക് അഡ്വാന്‍സ് നൽകിയിട്ടുണ്ട്. മുട്ടത്ത് 85 ലക്ഷം നല്കി 50 സെന്റും കുടയത്തൂരില്‍ 40 ലക്ഷം നല്കി രണ്ട് പ്ലോട്ടുകളും ഈരാറ്റുപേട്ടയില്‍ 23 സെന്റും വാങ്ങി. കുടയത്തൂരില്‍ അമ്പലത്തിനുസമീപം 50 സെന്റിന് അഡ്വാന്‍സ് നല്‍കിയിട്ടുണ്ടെന്നാണ് വിവരം. മൂന്ന് വാഹനങ്ങള്‍ കഴിഞ്ഞ ദിവസം മൂവാറ്റുപുഴ പോലീസ് പിടിച്ചെടുത്തിരുന്നു.