കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ നടന് സിദ്ദിഖ് ഇന്ന് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയേക്കും. അതിജീവിത പരാതി നല്കാന് വൈകിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാവും ഹര്‍ജി നല്‍കുകയെന്നാണ് സൂചന.
സിദ്ദിഖ് അന്വേഷണവുമായി സഹകരിക്കാന്‍ തയ്യാറാണെന്നും അറിയിക്കും. സിദ്ദിഖിനെതിരെയുള്ള വിധിപ്പകര്‍പ്പും കൈമാറിയിട്ടുണ്ട്. ഹര്‍ജിയുമായി ബന്ധപ്പെട്ട് സിദ്ദിഖിന്റെ അഭിഭാഷകര്‍ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന് മുഗുള്‍ റോഹ്തഗിയുമായി ചര്‍ച്ച നടത്തിയിരുന്നു.
തന്റെ അഭിഭാഷകന് ഉയര്‍ത്തിയ വസ്തുതകള്‍ അവഗണിച്ചാണ് ഹൈക്കോടതി തീരുമാനമെടുത്തത് എന്നാവും സിദ്ദിഖിന്റെ പ്രധാന വാദം.
തെളിവ് ശേഖരിക്കാന്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്നടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാകും ഹര്‍ജിയെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍.
മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി സുപ്രിംകോടതിയെ സമീപിച്ചാല്‍ തുടക്കത്തിലേ തിരിച്ചടിയാകുമോ എന്ന ആശങ്ക കൂടി പരിഗണിച്ചാവും സിദ്ദിഖിന്റെ സുപ്രിംകോടതിയിലെ മുന്‍കൂര്‍ ജാമ്യാപേക്ഷ.
അതേസമയം സിദ്ദിഖിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജിക്ക് തടസ ഹര്‍ജി നല്‍കാനൊരുങ്ങുകയാണ് അതിജീവിത. പ്രമുഖ അഭിഭാഷക വൃന്ദ ഗ്രോവര്‍ അതിജീവിതക്ക് വേണ്ടി കോടതിയില്‍ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ദിഖ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയാല് തന്റെ ഭാഗം കേള്‍ക്കാതെ ഒരു തീരുമാനവും എടുക്കരുതെന്ന് അതിജീവിത ആവശ്യപ്പെടും. ഇതിനായുള്ള ഹര്‍ജി രാവിലെ തന്നെ അതിജീവിത സുപ്രീംകോടതിയില്‍ നല്‍കും.
അതേസമയം മുന്‍കൂര്‍ ജാമ്യ ഹര്‍ജി നിഷേധിച്ചതോടെ സിദ്ധിഖ് ഒളിവില്‍ പോയിരിക്കുകയാണ്. പടമുകളിലെ വീട്ടിലും ആലുവ കുട്ടമശ്ശേരിയിലെ വീട്ടിലും സിദ്ദിഖ് ഇല്ലെന്നാണ് അന്വേഷണ സംഘം വ്യക്തമാക്കുന്നത്. ഹൈക്കോടതി വിധി വന്നതിന് പിന്നാലെ സിദ്ദിഖ് ഒളിവില്‍ പോയി. നിലവില്‍ സിദ്ദിഖിന്റെ ഫോണ്‍ പ്രവര്‍ത്തനരഹിതമാണ്. എയര്പോട്ടിലുള്പ്പെടെ പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പതിപ്പിച്ചിട്ടുണ്ട്.