ഏതൊരാൾക്കും സിനിമ ആസ്വദിക്കുവാൻ കാലവും, ദേശവും, ഭാഷയും ഒരു തടസമേ അല്ല എന്ന തരത്തിലുള്ള ഒരു കാഴ്ചയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി മാറിക്കൊണ്ടിരിക്കുന്നത്. മലയാളികൾക്ക് തെല്ല് അഹങ്കരിക്കാനും ഒപ്പം അഭിമാനിക്കാനും ഉള്ള വകയുണ്ട് ഇതിൽ. അത് മറ്റൊന്നുമല്ല ഇംഗ്ലണ്ടിലെ ഒരു ഫിലിം സ്കൂളില്‍ മമ്മൂട്ടി നായകനായെത്തിയ ഭ്രമയുഗം മുന്‍നിര്‍ത്തി ഒരു അധ്യാപകന് ക്ലാസ് എടുക്കുന്ന വിഡിയോയാണ് . അതാണ് ഇപ്പോൾ മലയാളികള്‍ സോഷ്യല്‍ മീഡിയയില്‍ ഏറ്റെടുത്തിരിക്കുന്നതും .
അലന് സഹര്‍ അഹമ്മദ് എന്നയാളാണ് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി ഈ വിഡിയോ ആദ്യം പങ്കുവച്ചത്. ഇംഗ്ലണ്ടിലെ ഫണ്‍ഹാമിലുള്ള യൂണിവേഴ്സിറ്റി ഫോര്‍ ദ് ക്രിയേറ്റീവ് ആര്‍ട്സിലെ ക്ലാസ് റൂം ആണ് വിഡിയോയില്‍ ഉള്ളത് എന്നാണ് അതില്‍ത്തന്നെ എഴുതിയിരിക്കുന്നത്.പിന്നാലെ തന്നെ ചിത്രത്തിന്റെ സംവിധായകനായ രാഹുൽ സദാശിവനും വീഡിയോ പങ്കുവെച്ചിരുന്നു. ലോകനിലവാരമുള്ള ചിത്രങ്ങള്‍ മലയാളത്തില്‍ നിന്ന് സംഭവിക്കുന്നു എന്നതിന്റെ തെളിവായാണ് ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കപ്പെടുന്നത്. പൂര്‍ണമായും ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ ഒരുങ്ങിയ സ്പെരിമെന്റൽ ഹൊറര്‍ ത്രില്ലര്‍ എന്നതാണ് ഭ്രമയുഗത്തിന്റെ പ്രത്യേകത.