ശംഭു അതിർത്തിയിൽ പ്രതിഷേധം നടത്തുന്ന കർഷകരിൽ ഒരാൾ വിഷം കഴിച്ച് ആത്മഹത്യ ചെയ്തു. മൂന്നാഴ്ചയ്ക്കിടെ രണ്ടാമത്തെ കർഷക ആത്മഹത്യ ആണ്. പഞ്ചാബിലെ താൻ തരൺ ജില്ലയിലെ കർഷകനാണ് ആത്മഹത്യ ചെയ്തത്. പട്യാലയിലെ രജീന്ദ്ര ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഡിസംബർ 18 ന് ശംഭു അതിർത്തിയിൽ മറ്റൊരു കർഷകൻ ആത്മഹത്യ ചെയ്തിരുന്നു. താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ച് കർഷകർ സമരത്തിലാണ്. ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഖനൗരി അതിർത്തിയിൽ നവംബർ 26 മുതൽ ദല്ലേവാൾ മരണം വരെ നിരാഹാര സമരം നടത്തിവരികയാണ്.