കേരളത്തിലെ നിര്‍ണായക മണ്ഡലങ്ങളില്‍ ഒന്നായ പത്തനംതിട്ട ഇത്തവണ ത്രികോണ മത്സരത്തിനാണ് വേദിയായത്.തുടര്‍ച്ചയായി നാലാമൂഴം സ്വപ്നം കണ്ടാണ് സിറ്റിങ്ങ് എം പി ആന്റോ ആന്റണി ഇത്തവണ തെരഞ്ഞെടുപ്പ് കളത്തില്‍ നിറഞ്ഞത്.മണ്ഡലത്തിന്റെ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും ചുക്കാന്‍ പിടിക്കുന്ന ജനങ്ങളുടെ പള്‍സറിയുന്ന ആന്റോ ആന്റണി കോണ്‍ഗ്രസിന്റെ തുറുപ്പ് ചിട്ട് തന്നെയായിരുന്നു.മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണ തനിക്കുണ്ടെന്നും അതിനാല്‍ വിജയത്തിന്റെ കാര്യത്തില്‍ സംശയമില്ലെന്നും പറയുന്ന ആന്റോ ആന്‍ണിക്ക് ജനങ്ങളുടെ മേലുളള വിശ്വാസം വാനോളമായിരുന്നു.
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി, പുഞ്ഞാര്‍ എന്നീ മണ്ഡലങ്ങളും പത്തനംതിട്ട ജില്ലയിലെ തിരുവല്ല, റാന്നി, കോന്നി, ആറന്മുള, അടൂര്‍ എന്നീ അഞ്ച് നിയോജക മണ്ഡലങ്ങളും അടങ്ങുന്നതാണ് പത്തനംതിട്ട ലോക്സഭ മണ്ഡലം. മണ്ഡലത്തില്‍ തുടര്‍ച്ചായ നാലാം തവണയും ആന്റോ ആന്റണിയും യു ഡി എഫും വിജയം ഉറപ്പിക്കുന്നു. സ്ഥാനാര്‍ത്ഥി പ്രഖ്യാപനത്തിന്റെ തുടക്കത്തില്‍ മുന്നണിയിലും പാര്‍ട്ടിയിലും ചില അസ്വാരസ്യങ്ങള്‍ ഉണ്ടായിരുന്നെങ്കിലും പ്രചരണത്തില്‍ ഇതെല്ലാം മറികടക്കാന്‍ കഴിഞ്ഞുവെന്ന് യു ഡി എഫ് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.2009ലാണ് ആന്റോ ആന്റണി പത്തനംതിട്ടയില്‍ നിന്ന് ആദ്യമായി ലോക്സഭയില്‍ അംഗമാകുന്നത്.പിന്നീട് നടന്ന 2014,2019 ലോക്സഭ തിരഞ്ഞെടുപ്പുകളിലും പത്തനംതിട്ടയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
വിദ്യാര്‍ത്ഥി, യുവജന സംഘടനകളില്‍ സജീവമായ പ്രവര്‍ത്തനം നടത്തിയ ആന്റോ ആന്റണി കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി സംഘടനയായ കെ.എസ്.യുവിന്റെ യൂണിറ്റ് പ്രസിഡന്റായാണ് രാഷ്ട്രീയ രംഗത്ത് തുടക്കം കുറിക്കുന്നത്.വിദ്യാര്‍ത്ഥിയായിരിക്കുമ്പോള്‍ തന്നെ കെ.എസ്.യുവിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു.കെ.എസ്.യുവിന്റെ താലൂക്ക്, ജില്ലാ ജനറല്‍ സെക്രട്ടറി, ജില്ലാ പ്രസിഡന്റ്, ജില്ലാ-വൈസ് പ്രസിഡന്റ്, ജില്ലാ-ട്രഷറര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ച ആന്റോ ആന്റണി ബാലജനസംഖ്യത്തിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിരുന്നു.യുവജന സംഘടനയായ യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയായിരുന്നു യൂത്ത് കോണ്‍ഗ്രസ് ദേശീയ നിര്‍വാഹക സമിതിയില്‍ അംഗമായും പ്രവര്‍ത്തിച്ചു.കോട്ടയം ഡി.സി.സി.യുടെ പ്രസിഡന്റായി പ്രവര്‍ത്തിച്ച് കെ.പി.സി.സി അംഗമായ ആന്റോ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയുമായിരുന്നു.കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗമാണ്. നിലവില്‍ യു.ഡി.എഫ് കോട്ടയം ജില്ലാ കണ്‍വീനര്‍ ആണ്.
2004-ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ കോട്ടയത്ത് നിന്ന് മത്സരിച്ചെങ്കിലും സി.പി.എമ്മിലെ കെ. സുരേഷ് കുറുപ്പിനോട് പരാജയം ഏറ്റുവാങ്ങിയിരുന്നു.2009 ലോക്സഭ തിരഞ്ഞെടുപ്പില്‍ സി.പി.എം ജില്ലാ സെക്രട്ടറിയായിരുന്ന കെ.അനന്തഗോപനെ പപരാജയപ്പെടുത്തി പത്തനംതിട്ടയില്‍ നിന്ന് ആദ്യമായി ലോക്സഭ അംഗമായി.2014 ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇടതു സ്വതന്ത്രനായ കോണ്‍ഗ്രസ് വിമതന് പീലിപ്പോസ് തോമസിനെയും 2019 ലോക്സഭ തിരഞ്ഞെടുപ്പില്‍ സി.പി.എം എം.എല്‍.എയായ വീണാ ജോര്‍ജ്ജിനെയും പരാജയപ്പെടുത്തി വീണ്ടും പത്തനംതിട്ടയില്‍ നിന്ന് തുടര്‍ച്ചയായി മൂന്നാം തവണയും ലോക്സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു.
പരമ്പരാഗതമായി യു ഡി എഫിന്റെ അടിയുറച്ച മണ്ഡലമായ പത്തനംതിട്ട ഏത് വിധേനയും തിരിച്ച് പിടിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ജനകീയനും സി പി എം പിബി അംഗവുമായ തോമസ് ഐസക്കിനെ തന്നെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയാക്കിയത്.ശക്തമായ പ്രചരണം കാഴ്ചവെക്കാനും അദ്ദേഹത്തിന് സാധിച്ചിരുന്നു.എന്നാല്‍ എക്സിറ്റ് പോളുകളെല്ലാം ഇടതിന്റെ ആത്മവിശ്വാസം കെടുത്തി.തോമസ് ഐസക് പത്തനംതിട്ടയില്‍ മൂന്നാമതായി പോകുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിക്കുന്നത്.
ബിജെപി സ്ഥാനാര്‍ത്ഥി അനില്‍ ആന്റണി ഇടത് സ്ഥാനാര്‍ത്ഥി തോമസ് ഐസക്കിനെ മറികടന്ന് രണ്ടാമത് എത്തുമെന്നാണ് എക്സിറ്റ് പോള്‍ പ്രവചിച്ചിരിക്കുന്നത്.അങ്ങനെയെങ്കില്‍ മധ്യകേരളത്തിലെ രാഷ്ട്രീയ ചിത്രത്തില്‍ അത് പുതിയ വഴിത്തിരിവുകള്‍ സൃഷ്ടിക്കുന്നതിന് സാക്ഷ്യം വഹിക്കും.അനില്‍ ആന്റണിയും തെരഞ്ഞെടുപ്പില്‍ ജയം ഉറപ്പെന്ന് പ്രഖ്യാപിച്ചിരുന്നു.