കൊച്ചി: ആശുപത്രി വിട്ട് വീട്ടില്‍ വിശ്രമത്തില്‍ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് നടൻ മോഹൻലാൽ. നിര്‍മാതാവ് ആന്റണി പെരുമ്പാവൂരിനൊപ്പമാണ് മോഹന്‍ലാല്‍ ഉമാ തോമസ് എം.എല്‍.എയെ പാലാരിവട്ടത്തെ വീട്ടിലെത്തി കണ്ടത്. സാമൂഹിക മാധ്യമങ്ങളിലൂടെ ഇതിന്റെ ചിത്രങ്ങള്‍ ഇതിനോടകം പുറത്തുവന്നു.
ഉമാ തോമസ് ഇരിക്കുന്ന മുറിയിലേക്ക് എത്തിയ ഇരുവരോടും, എണീക്കണം എന്ന് അമ്മ പറയുന്നുണ്ടെന്ന് മകന് പറഞ്ഞപ്പോള്‍ വേണ്ടെന്നായിരുന്നു മോഹന്‍ലാലിന്റെ മറുപടി. തന്നെ കാണാന്‍ വന്നതില്‍ ഒരുപാട് സന്തോഷമുണ്ടെന്ന് ഉമാ തോമസ് ഇരുവരോടും പറഞ്ഞു. തങ്ങളുടെ പ്രാര്‍ഥന അതുപോലെയുണ്ടെന്ന് ആന്റണി ഉമാ തോമസിന്റെ കൈപിടിച്ചു പറഞ്ഞു. ഇതിന് അടുത്താണ് ഷൂട്ടിങ്ങെന്ന് മോഹന്‍ലാല്‍ ഉമാ തോമസിനോട് പറഞ്ഞു. കേരളം മുഴുവന്‍ തനിക്ക് വേണ്ടി അറിഞ്ഞോ അറിയാതെയോ പ്രാര്‍ഥിച്ചിട്ടുണ്ടെന്ന് ഉമാ തോമസ് പറഞ്ഞപ്പോള്‍, അറിഞ്ഞു തന്നെയാണെന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ മറുപടി. അപകടം കണ്ടുകഴിഞ്ഞാല്‍ പ്രാര്‍ഥിക്കാതിരിക്കാന്‍ പറ്റില്ലായിരുന്നുവെന്ന് ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ ഡിസംബര്‍ 29-ന് നടന്ന നൃത്തപരിപാടിയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് വീണ് അതീവ ഗുരുതരാവസ്ഥയിലായ ഉമാ തോമസ് എം എൽ എ യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപകടത്തിൽ തലയ്ക്കും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി പരിക്കേറ്റിരുന്നു. റിനൈ മെഡിസിറ്റിയിലെ 47 ദിവസത്തെ ചികിത്സയ്ക്കുശേഷം കഴിഞ്ഞ വ്യാഴാഴ്ചയാണ് ഉമാ തോമസ് വീട്ടില്‍ തിരിച്ചെത്തിയത്. രണ്ടര മാസമെങ്കിലും പരിപൂര്‍ണ വിശ്രമം വേണമെന്നാണ് നിര്‍ദേശം.