2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മണ്ഡലങ്ങൾ പുനഃസംഘടിപ്പിച്ചതിന്റെ ഭാഗമായാണ് തിരുവനന്തപുരം നിയമസഭാമണ്ഡലം നിലവിൽ വന്നത്. രൂപീകരണ ശേഷം നടന്ന ആദ്യ രണ്ടു തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിനൊപ്പം ആയിരുന്നു മണ്ഡലം. കോൺഗ്രസ് നേതാവ് വി എസ് ശിവകുമാറാണ് തുടർച്ചയായി രണ്ടുതവണ മണ്ഡലത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ശിവകുമാറിനെ പരാജയപ്പെടുത്തിയിരുന്നു ആന്റണി രാജു വിജയിച്ചുവരുന്നത്. തുടർച്ചയായി രണ്ടു തവണ വിജയിച്ചിട്ടും ജനങ്ങൾക്കിടയിൽ സ്വീകാര്യനല്ലാത്തതുകൊണ്ടാണ് വിഎസ് ശിവകുമാർ കഴിഞ്ഞതവണ പരാജയപ്പെട്ടത്. ഉമ്മൻചാണ്ടി ഭരണകാലത്ത് വി എസ് ശിവകുമാർ ആരോഗ്യമന്ത്രി കൂടിയായിരുന്നു. നിലവിൽ തിരുവനന്തപുരത്തെ പ്രതിനിധീകരിക്കുന്ന ആന്റണി രാജു മന്ത്രിയാണ്. എന്നാൽ അടുത്ത തവണ ആന്റണി രാജു വിജയിക്കുന്നതിനുള്ള സാധ്യതകൾ വളരെ കുറവാണ്.
ജനങ്ങൾക്കിടയിൽ അത്രകണ്ട് സ്വീകാര്യതയൊന്നും ആന്റണി രാജുവിന് ഇന്നില്ല. കഴിഞ്ഞ തവണയാണെങ്കിലും കോൺഗ്രസ് വിരുദ്ധ വോട്ടുകൾ എല്ലാ നിലയിലും കേന്ദ്രീകരിക്കപ്പെട്ടതിന്റെ ഫലമായിട്ടാണ് ആന്റണി രാജു വിജയിച്ചു വന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ളവരും ആന്റണി രാജുവിനു വേണ്ടി തെരഞ്ഞെടുപ്പ് പര്യടനത്തിന് സജീവമായിരുന്നു. വലിയതോതിൽ ക്രിസ്ത്യൻ വോട്ടുകളും ആന്റണി രാജുവിന്റെ തന്നെ ലഭിക്കുന്ന സാഹചര്യമുണ്ടായി. ഒരുപക്ഷേ ബിജെപിയുടെ വോട്ടുകൾ പോലും ഇടതുപക്ഷത്തേക്ക് വ്യാപകമായി ഒഴുകുന്ന സ്ഥിതിയുണ്ടായി. കോൺഗ്രസിന് അനുകൂലമായ വോട്ട് ബാങ്ക് ഉള്ളൊരു മണ്ഡലമാണ് തിരുവനന്തപുരം. കോൺഗ്രസിൽ മികച്ച സ്ഥാനാർത്ഥികൾ ഇല്ലാത്തതാണ് മണ്ഡലം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. യുഡിഎഫ് മുന്നണിക്കുള്ളിൽ സീറ്റ് വിഭജന ചർച്ചകൾ ഔദ്യോഗികമായി ആരംഭിച്ചിട്ടില്ലെങ്കിലും തിരുവനന്തപുരം മണ്ഡലത്തിന് ആവശ്യക്കാർ ഏറെയാണ്. കോൺഗ്രസിനുള്ളിൽ തന്നെ ഒട്ടേറെ പേർ മണ്ഡലത്തിൽ കണ്ണുംനട്ട് ഇരിപ്പുണ്ട്. അതേസമയം, തിരുവനന്തപുരം മണ്ഡലം സിഎംപിക്ക് വിട്ടു നൽകാന് കോൺഗ്രസില്‍ ആലോചനയുള്ളതായും അറിയുന്നു. സിഎംപി ജനറൽ സെക്രട്ടറി സി പി ജോണിനു വേണ്ടിയാണ് കോൺഗ്രസ് വിട്ടുവീഴ്ച ചെയ്യാനൊരുങ്ങുന്നത്. രണ്ടര പതിറ്റാണ്ടിനുശ ശേഷമാകും ശക്തമായ സ്വാധീനമുള്ള മണ്ഡലത്തിൽ കോൺഗ്രസ് മത്സരിക്കാതെ മാറി നിൽക്കുവാൻ തയ്യാറെടുക്കുന്നത്. സിഎംപി രൂപീകരണം മുതൽ യുഡിഎഫിൽ ഉറച്ചു നില്ക്കുന്ന സിപി ജോൺ മുന്നണിയുടെ ബൗദ്ധിക മുഖം കൂടിയാണ്. പ്രകടന പത്രിക തയാറാക്കലായാലും സാമൂഹിക വിഷയങ്ങളിലെ പഠനമായാലും സിപി ജോൺ മുന്നിലുണ്ടാകും. ഇത്രയേറെ കൂറ് യുഡിഎഫ് മുന്നണിയോട് പുലർത്തുന്ന ജോണിനെ നിയമസഭയിലേക്ക് എത്തിക്കാനാകാത്തതിൽ മുന്നണി നേതാക്കളുടെ സ്വകാര്യ ദുഃഖം കൂടിയാണ്.
2011ൽ കുന്നംകുളത്ത് വിജയപ്രതീക്ഷ ഉയർത്തിയെങ്കിലും ബാബു എം പാലിശ്ശേരിയോട് 481 വോട്ടിന് തോൽക്കുകയായിരുന്നു. സിപി ജോണിനെ അടുത്ത തവണയെങ്കിലും ജയസാധ്യതയുള്ള സീറ്റിൽ നിർത്തി സഭയിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് യുഡിഎഫ്. അതിനായി മുന്നണി കണ്ടെത്തിയ മണ്ഡലങ്ങളിൽ മുന്നിലുള്ളത് തിരുവനന്തപുരമാണ്. തിരുവനന്തപുരത്ത് മത്സരിക്കാനുള്ള താൽപര്യം സിപി ജോൺ നേതൃത്വത്തെ അറിയിച്ചിട്ടുമുണ്ട്. മണ്ഡലത്തിലെ പൊതു പരിപാടികളിലും അദ്ദേഹം കൂടുതൽ സജീവമാണ്. മണ്ഡലത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ സിഎംപി പ്രവർത്തകരോടും സിപി ജോൺ നിർദ്ദേശിച്ചിട്ടുണ്ട്. വിഎസ് ശിവകുമാർ തുടർച്ചയായി മത്സരിക്കുന്ന മണ്ഡലം വിട്ടുകൊടുത്താൽ പാർട്ടിക്കുള്ളിൽ അത് പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആശങ്ക കോൺഗ്രസിലുണ്ട്.
ശിവകുമാറിനെ ആകട്ടെ കാലങ്ങളായി സിപിഎം സംഘപരിവാറിനോട് ചേർത്താണ് വിമർശിക്കാറുള്ളത്. അടുത്തതവണ സീറ്റ് നൽകിയില്ലെങ്കിൽ ശിവകുമാർ ബിജെപിയിലേക്കോ മറ്റോ പോകുമെന്ന ആശങ്കയും കോൺഗ്രസിനുണ്ട്. അതുമറി കടക്കാനായാൽ സിപി ജോണിന് തിരുവനന്തപുരം സീറ്റ് ലഭിക്കും. അല്ലെങ്കിൽ തിരുവമ്പാടി പോലുള്ള സീറ്റുകളിലേക്കും ജോണിനെ പരിഗണിച്ചേക്കും. സി പി ജോണിന് വേണ്ടി വിട്ടുവീഴ്ച ചെയ്യാൻ മുസ്ലിം ലീഗും തയ്യാറാകും എന്നാണ് സിഎംപിയുടെ പ്രതീക്ഷ. സീറ്റുകൾ വെച്ചുമാറുന്നതിൽ മുതിർന്ന നേതാക്കൾ ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നാണ് ഇരുപാർട്ടികളിൽ നിന്നും ലഭിക്കുന്ന വിവരം. എറണാകുളം, തിരുവനന്തപുരം അല്ലെങ്കില്‍ മലബാറിലെ ഏതെങ്കിലും വിജയ സാധ്യതയുള്ള മണ്ഡലങ്ങളാണ് സിപി ജോണിനായി സിഎംപി ലക്ഷ്യം വെച്ചിരുന്നത്. ജോണിന്റെ സാന്നിധ്യം നിയമസഭയില്‍ ഉണ്ടാവണമെന്ന ആഗ്രഹം യുഡിഎഫ് നേതാക്കള്‍ക്കെല്ലാമുണ്ട്. സി പി ജോണിന്റെ കാര്യത്തില്‍ അതുകൊണ്ട് തന്നെ മുസ്ലിം ലീഗിനും പ്രത്യേക താല്പര്യം ഉണ്ട്.
മലബാറിലെ ഏതെങ്കിലും ഒരു സീറ്റില്‍ സിപി ജോണിനെ പരിഗണിക്കാന്‍ അവരും തയ്യാറാണ്. എന്നാൽ ഇക്കാര്യത്തിൽ പരസ്യപ്രതികരണത്തിന് ഇതുവരെ നേതാക്കൾ തയ്യാറായിട്ടില്ല. ഇതിനിടയിൽ മാണി കോൺഗ്രസ് യുഡിഎഫിലേക്ക് വന്നാൽ തിരുവമ്പാടി സീറ്റ് അവർക്ക് നൽകുവാനും ധാരണയുണ്ട്. ജോസ് കെ മാണിയെ തിരുവമ്പാടിയിൽ മത്സരിപ്പിക്കാമെന്ന നിർദ്ദേശവും മുന്നോട്ട് വെച്ചിട്ടുണ്ട്. മുസ്ലിം ലീഗ് മത്സരിച്ച് വരുന്ന തിരുവമ്പാടിയിൽ കഴിഞ്ഞ രണ്ട് നിയമസഭാ തെരഞ്ഞെടുപ്പുകളിലുമായി വിജയം സിപിഎമ്മിനൊപ്പമായിരുന്നു. ലീഗിനപ്പുറം കോൺഗ്രസോ മറ്റ് ഏതെങ്കിലും ഘടകകക്ഷികളോ മത്സരിച്ചാൽ തിരുവമ്പാടി പിടിച്ചെടുക്കാമെന്ന് ലീഗ് കരുതുന്നു.